പ്രതിരോധ ശേഷിയും ദഹനവും മെച്ചപ്പെടുത്താന്‍ ‘ഓറഞ്ച് ചായ’
1 min readവൈറ്റമിന്‍ സി ധാരാളമുള്ള ഓറഞ്ചിന്റെ തൊലി നമ്മള്‍ വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ ഓറഞ്ച് തൊലിയിലും ധാരാളം പോഷകങ്ങളുണ്ടെന്നും ആരോഗ്യത്തിന് അത് വളരെ നല്ലതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വെള്ളം കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും ജനകീയമായ മറ്റൊരു പാനീയം ചായയാണ്. രാവിലെ ഒരു ഗ്ലാസ്് ചൂട് ചായ കുടിക്കുന്നത് ഉന്മേഷത്തോടെ ദിവസം തുടങ്ങാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും നല്ലതാണ്. അതുപോലെ വൈകുന്നേരം ഒരു കപ്പ് ചായ കുടിക്കുന്നത് ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ അവസാനിപ്പിക്കാനും സഹായിക്കും. നിശ്ചിത അളവില്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയപ്പെടുന്നത്.
പൊതുവേ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പാല്‍ച്ചായയോടാണ് പ്രിയം. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി പല നിറങ്ങളിലും രുചികളിലുമുള്ള ചായകളുണ്ടെന്നതാണ് സത്യം. ആരോഗ്യത്തില്‍ ഇവയുണ്ടാക്കുന്ന സ്വാധീനവും പലതാണ്. ഒരു ശീലമെന്നതിനപ്പുറം ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ഒരു കപ്പ് ചായയ്ക്ക് പിന്നിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പുതിയ ഇനം ചായയാണ് ഓറഞ്ച് തൊലി ചായ. വൈറ്റമിന്‍ സി ധാരാളമുള്ള ഓറഞ്ചിന്റെ തൊലി നമ്മള്‍ വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ ഓറഞ്ച് തൊലിയിലും ധാരാളം പോഷകങ്ങളുണ്ടെന്നും ആരോഗ്യത്തിന് അത് വളരെ നല്ലതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ദഹനം എളുപ്പത്തിലാക്കാനും ഓറഞ്ച് തൊലി ചേര്‍ത്ത ചായയ്ക്ക് കഴിവുണ്ട്. നാരക വിഭാഗത്തിലുള്ള പഴങ്ങളുടെ തൊലിയ്ക്ക് പൊതുവേ കയ്പ്പ് രുചിയാണ്. ഫ്‌ളവനോയിഡുകളുടെ സാന്നിധ്യം മൂലമാണിത്. ഫലത്തെ കീടാണുക്കളില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് കയ്‌പ്പേറിയ തൊലിയുടെ ധര്‍മ്മം. ഓറഞ്ച് പഴത്തിലെന്ന പോലെ തൊലിയിലും ഫൈബര്‍, വൈറ്റമിന്‍ സി, പോളിഫിനോളുകള്‍ തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ പ്രോവൈറ്റമിന്‍ എ, ഫോളൈറ്റ്, റൈബോഫ്‌ളാവിന്‍, തയമിന്‍, വൈറ്റമിന്‍ ബി6, കാല്‍സ്യം, എന്നിവയും ഓറഞ്ച് തൊലിയില്‍ ഉണ്ട്.
നാരക വിഭാഗത്തിലുള്ള പഴങ്ങളുടെ തൊലിയില്‍ ഉള്ള ലെമണൈനിന് കാന്‍സര്‍ പ്രതിരോധ ശേഷിയുണ്ട്.അണുബാധ മൂലിമുള്ള മറ്റ് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ലേമണൈനിന് കഴിയും. ഓറഞ്ച് തൊലി ചായയുടെ കടുത്ത രുചി മൂലം ഉമിനീരും ദഹനരസങ്ങളും കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടും. എല്ലാദിവസവും രാവിലെ ഓറഞ്ച് തൊലിയിട്ട ചായ കുടിച്ചാല്‍ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ ആഗിരണം ഊര്‍ജിതപ്പെടുത്തുകയും ചെയ്യും. മാത്രമല്ല പോളിഫിനോളുകളുടെ സാന്നിധ്യം മൂലം ടൈപ്പ്-2 പ്രമേഹം, പൊണ്ണത്തടി, അല്‍ഷൈമേഴ്‌സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് തൊലി ചായ സഹായിക്കും.
ഓറഞ്ച് തൊലി ചായ തയ്യാറാക്കുന്നതിനായി വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ഓറഞ്ചിന്റെ പകുതി തൊലി കഷ്ണളാക്കിയതും ഒരു ചെറിയ കഷ്ണം കറുവപ്പട്ടയും 2-3 കരയാമ്പുവും 1-2 ഏലക്കയും ചേര്‍ക്കുക. ഇത് 2-3 മിനിട്ട് തിളപ്പിച്ച ശേഷം അല്‍പ്പം ശര്‍ക്കര ചേര്‍ത്ത് അരിച്ച് കുടിക്കാം.