പന്ത്രണ്ട് വര്‍ക്ക്ഔട്ട് മോഡുകളോടെ ഓപ്പോ ബാന്‍ഡ് സ്‌റ്റൈല്‍
ആമസോണില്‍നിന്ന് വാങ്ങാം. 2,799 രൂപയാണ് വില
ന്യൂഡെല്‍ഹി: ഓപ്പോയുടെ ഏറ്റവും പുതിയ വെയറബിളായി ‘ഓപ്പോ ബാന്‍ഡ് സ്‌റ്റൈല്‍’ അവതരിപ്പിച്ചു. എസ്പിഒ2, ഹൃദയമിടിപ്പ് നിരീക്ഷണം എന്നിവ ലഭിച്ചതാണ് ഫിറ്റ്‌നസ് ബാന്‍ഡ്. 2,799 രൂപയാണ് വില. ആമസോണില്‍നിന്ന് വാങ്ങാം.
1.1 ഇഞ്ച് (126, 294 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് ലഭിച്ചു. 100 ശതമാനം ഡിസിഐ പി3 കളര്‍ ഗാമറ്റ് സവിശേഷതയാണ്. ത്രീ ആക്‌സിസ് ആക്‌സെലറോമീറ്റര്‍, ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, എസ്പിഒ2 സെന്‍സര്‍ എന്നിവയും ലഭിച്ചു. രക്തത്തിലെ ഓക്‌സിജന്‍, ഹൃദയമിടിപ്പ്, ഉറക്കം എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുംവിധമാണ് റിസ്റ്റ്ബാന്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറ്റ് പല വെയറബിളുകളെപോലെ മെഡിക്കല്‍ സാക്ഷ്യപത്രം ലഭിച്ചതല്ല ഓപ്പോ ബാന്‍ഡ് സ്‌റ്റൈല്‍. ഫിറ്റ്‌നസ് പ്രേമികള്‍ക്കായി ദൈനംദിന ആക്റ്റിവിറ്റി ട്രാക്കര്‍, ഗെറ്റ് അപ്പ് റിമൈന്‍ഡറുകള്‍, ശ്വസന വ്യായാമം എന്നിവ ഫീച്ചറുകളാണ്.
പന്ത്രണ്ട് വര്‍ക്ക്ഔട്ട് മോഡുകള്‍ സഹിതമാണ് ‘ഓപ്പോ ബാന്‍ഡ് സ്‌റ്റൈല്‍’ ഫിറ്റ്‌നസ് ബാന്‍ഡ് വരുന്നത്. ഔട്ട്‌ഡോര്‍ റണ്‍, ഇന്‍ഡോര്‍ റണ്‍, ഫാറ്റ് ബേണ്‍ റണ്‍, ഔട്ട്‌ഡോര്‍ വോക്ക്, ഔട്ട്‌ഡോര്‍ സൈക്ലിംഗ്, ഇന്‍ഡോര്‍ സൈക്ലിംഗ്, ഇല്ലിപ്റ്റിക്കല്‍, തുഴയല്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, നീന്തല്‍, യോഗ എന്നിവയാണ് വര്‍ക്ക്ഔട്ട് മോഡുകള്‍.
ഫിറ്റ്‌ന്‌സ് ഫീച്ചറുകള്‍ കൂടാതെ, കോളുകള്‍ക്കും മെസേജുകള്‍ക്കും അലര്‍ട്ട് ലഭിക്കും. പൊരുത്തപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുമായി ‘ഹെയ്ടാപ്പ് ഹെല്‍ത്ത്’ ആപ്പ് വഴി കണക്റ്റ് ചെയ്താല്‍ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാന്‍ കഴിയും. നാല്‍പ്പതോളം വാച്ച് ഫേസുകള്‍ ലഭ്യമാണ്. ഇവയില്‍ അഞ്ചെണ്ണം ബാന്‍ഡില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.
ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ലഭിച്ചു. ആന്‍ഡ്രോയ്ഡ് 6.0 ഓപ്പറേറ്റിംഗ് സിസ്റ്റവും അതിനുമുകളിലുള്ളവയും ഉപയോഗിക്കുന്ന ഡിവൈസുകളുമായി ഓപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ പൊരുത്തപ്പെടും. 100 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 1.5 മണിക്കൂര്‍ സമയമെടുത്ത് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 12 ദിവസം വരെ ഉപയോഗിക്കാം.