Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തില്‍ നിന്ന് ആദ്യമായി യൂണികോണ്‍ ക്ലബ്ബില്‍ ഇടംനേടി ‘ഓപ്പണ്‍’

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണായി. സംസ്ഥാനത്തെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ പ്രതിഫലനമായ ഓപ്പണ്‍ രാജ്യത്തെ യൂണികോണ്‍ സംരംഭങ്ങളുടെ പട്ടികയില്‍ നൂറാമതായാണ് ഇടംനേടിയത്. സീരീസ് ഡി നിക്ഷേപസമാഹരണ റൗണ്ടില്‍ മുംബൈ ആസ്ഥാനമായ ഐഐഎഫ്എല്‍ ഫിനാന്‍സില്‍ നിന്നും 50 മില്യണ്‍ ഡോളര്‍ നേടിയാണ് ഓപ്പണ്‍ യൂണികോണ്‍ ക്ലബ്ബിലെത്തിയത്.

കേരള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് ഓപ്പണിന്‍റെ നേട്ടം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപന സന്ദേശത്തില്‍ പറഞ്ഞു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ഫിന്‍ടെക് ആക്സിലറേറ്ററും ഫിനിഷിംഗ് സ്കൂളും ആരംഭിച്ച് സംസ്ഥാനത്തിന് മടക്കിനല്‍കാനുള്ള ഓപ്പണിന്‍റെ പ്രതിബദ്ധതയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ വളര്‍ച്ചയ്ക്ക് മികവിന്‍റെ കേന്ദ്രത്തിനും ആക്സിലറേറ്റര്‍ പരിപാടിക്കുമായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുന്നൂറു കോടിരൂപയിലധികം നിക്ഷേപിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. ഇന്ത്യയ്ക്ക് ലോകത്തിലെ വന്‍കിട സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമാകാന്‍ കേരളത്തില്‍ നിന്നും ഇനിയും യൂണികോണുകള്‍ ഉയര്‍ന്നുവരും. ഓപ്പണ്‍ അതിന്‍റെ തുടക്കമാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള നൂതന ബാങ്കിംഗ് പ്ലാറ്റ് ഫോമായ ഓപ്പണ്‍ ഒരു ബില്യണ്‍ ഡോളറിന്‍റെ ആസ്തിയോടെയാണ് യൂണികോണ്‍ ക്ലബ്ബിലെത്തിയത്. ഓപ്പണിന്‍റെ നിലവിലെ നിക്ഷേപകരായ സിംഗപ്പൂരിലെ സുപ്രധാന ധനകാര്യ ഫണ്ടായ ടെമാസെക്ക്, യുഎസ് ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍, 3ഒണ്‍4 ക്യാപിറ്റല്‍ എന്നിവയും സീരീസ് ഡി റൗണ്ടില്‍ ഉണ്ടായിരുന്നു. 140 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപമാണ് ഓപ്പണ്‍ ഇതുവരെ സമാഹരിച്ചത്.

അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് 2017-ല്‍ തുടക്കമിട്ട ഓപ്പണിന് നിലവില്‍ ഇന്ത്യയിലെ പന്ത്രണ്ടിലധികം പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തമുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍ക്കായി ഏഷ്യയില്‍ ആദ്യമായി ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ് ഫോം രൂപീകരിച്ചത് ഓപ്പണാണ്. കെഎസ് യുഎമ്മിന്‍റെ ഫണ്ട് ഓഫ് ഫണ്ട്സ് പ്രോഗ്രാമിന്‍റെ ഭാഗമായി രണ്ട് കോടിരൂപയുടെ നിക്ഷേപം തുടക്കത്തില്‍ ഓപ്പണിന് ലഭിച്ചിട്ടുണ്ട്.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നൂതനമേഖലകളിലേക്ക് ചുവടുവയ്ക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓപ്പണ്‍ ആത്മവിശ്വാസം നല്‍കുമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും മേഖലയില്‍ സുസ്ഥിര നേട്ടം കൈവരിക്കുന്നതിലും ഓപ്പണ്‍ കരുത്തുതെളിയിച്ചു. കടുത്ത മത്സരമുള്ള സാഹചര്യത്തില്‍ ഉന്നത അംഗീകാരം നേടാനായ ഓപ്പണിന്‍റെ വിജയമാതൃക കേരളത്തിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുടരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പണിന്‍റെ നൂതന എംബഡഡ് ഫിനാന്‍സ് പ്ലാറ്റ് ഫോമായ സ്വിച്ച്, ചെറുകിട-ഇടത്തര ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള ക്ലൗഡ് സാങ്കേതികവിദ്യയിലധിഷ്ഠിത പ്ലാറ്റ് ഫോമായ ബാങ്കിംഗ്സ്റ്റാക്ക് എന്നിവ വികസിപ്പിക്കുന്നതിന് നിക്ഷേപം ഉപയോഗപ്പെടുത്തും. നേതൃസംഘത്തെ വിപുലീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 500 ല്‍ നിന്നും 1,000 ആയി വര്‍ദ്ധിപ്പിക്കും. ആഗോള വിപണി തേടി അടുത്തവര്‍ഷത്തിനുള്ളില്‍ അന്‍പതുലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കെത്താനും നിക്ഷേപം സഹായകമാകും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി ഇ-കൊമേഴ്സ് ബിസിനസുകള്‍ക്കുള്ള വരുമാനാധിഷ്ഠിത ഫിനാന്‍സിംഗ് ഉല്‍പ്പന്നമായ ഓപ്പണ്‍ ഫ്ളോ, ക്രെഡിറ്റ് ഓഫറിംഗിന് ഏര്‍ളി സെറ്റില്‍മെന്‍റിനുള്ള ഓപ്പണ്‍ സെറ്റില്‍, നിക്ഷേപം ലഭ്യമാക്കുന്ന ഓപ്പണ്‍ ക്യാപ്പിറ്റല്‍ എന്നിവ പുറത്തിറക്കുന്നതിന് ഓപ്പണ്‍ തയ്യാറെടുക്കുകയാണ്.

  എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

ആഗോള തലത്തിലെ നൂതന ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ച് അതിവേഗം പ്രവര്‍ത്തിക്കുന്ന ഓപ്പണിലേക്ക് പ്രതിമാസം ഇരുപതിനായിരത്തിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. അമേരിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് രാജ്യാന്തര വിപണി വിപുലീകരിക്കാന്‍ ഓപ്പണ്‍ ലക്ഷ്യമിടുന്നുണ്ട്.

Maintained By : Studio3