എയര്‍ഇന്ത്യക്ക് വേണ്ടി നിലവിലുള്ളത് ടാറ്റാഗ്രൂപ്പും സ്പൈസ്ജെറ്റും മാത്രം
1 min readഎയര്‍ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയെ സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളായാണി തിരിച്ചിട്ടുള്ളത്
ന്യൂഡെല്‍ഹി: മറ്റെല്ലാ താല്‍പ്പര്യപത്രങ്ങളും നിരസിക്കപ്പെട്ടതിനാല്‍ ടാറ്റാ ഗ്രൂപ്പും സ്വകാര്യ എയര്‍ലൈന്‍ സ്പൈസ് ജെറ്റും മാത്രമാണ് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വാങ്ങുന്നതിനുള്ള മത്സരത്തില്‍ തുടരുന്നതെന്ന് റിപ്പോര്‍ട്ട്. ഒന്നിലധികം ബിഡുകള്‍ ലഭിച്ച താല്‍പ്പര്യ പത്രങ്ങളുടെ വിലയിരുത്തലിനുശേഷം നിരസിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇടപാട് ഉപദേഷ്ടാക്കള്‍ നിരവധി ചോദ്യങ്ങള്‍ ബിഡുകള്‍ സമര്‍പ്പിച്ചവരോട് ഉന്നയിച്ചിരുന്നു. ഇവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അംഗീകാരം നല്‍കുന്നത്.
ടാറ്റ സണ്‍സ്, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് പുറമേ, യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള എന്‍ആര്‍ഐ നിക്ഷേപകരുടെ തന്ത്രപരമായ പിന്തുണയോടു കൂടി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇന്‍റര്‍അപ്സ് ഇങ്കും എയര്‍ ഇന്ത്യ സ്വന്തമാക്കുന്നതിന് ശക്തമായി രംഗത്തുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയെ സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍, താല്‍പ്പര്യമുള്ള ലേലക്കാര്‍ താല്‍പ്പര്യ പ്രകടനങ്ങള്‍ സമര്‍പ്പിച്ചു, കൂടാതെ പ്രിലിമിനറി ഇന്‍ഫോര്‍മേഷന്‍ മെമ്മോറാണ്ടത്തില്‍ (പിഐഎം) പരാമര്‍ശിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും അടിസ്ഥാനമാക്കി അവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.
രണ്ടാം ഘട്ടത്തില്‍, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത താല്‍പ്പര്യമുള്ള ലേലക്കാര്‍ക്ക് പ്രൊപ്പോസലിനായി (ആര്‍എഫ്പി) ഒരു അഭ്യര്‍ത്ഥന നല്‍കും, അതിനുശേഷം സുതാര്യമായ ലേല പ്രക്രിയയും ഉണ്ടാകും.എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും ബിഡ് സമര്‍പ്പിച്ചിരുന്നു. എസ്സാര്‍, ഡന്‍ലോപ്പിലെ പവന്‍ റുയ, ഫാല്‍ക്കണ്‍ ടയേഴ്സ് എന്നിവയും എയര്‍ ഇന്ത്യയ്ക്കായി താല്‍പ്പര്യ പത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നേരത്തേ എയര്‍ഇന്ത്യയുടെ ന്യൂനപക്ഷ ഓഹരികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തി ബാക്കി വില്‍പ്പന നടത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഓഹരി വിഹിതം കൈവശം വെക്കുന്നത് നിക്ഷേപകരില്‍ താല്‍പ്പര്യ കുറവ് സൃഷ്ടിച്ചു എന്ന വിലയിരുത്തലില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യയുടെയും രണ്ട് ഉപകമ്പനികളുടെയും പൂര്‍ണമായ ഓഹരി വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.