പെര്‍മിറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും ഓണ്‍ലൈന്‍ ആധാര്‍ വെരിഫിക്കേഷന്‍
1 min readഇത് സ്വമേധയാ വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്
ന്യൂഡെല്‍ഹി: ഡ്രൈവര്‍മാരുടെ ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഇന്‍റര്‍നാഷ്ണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് വിതരണം എന്നിവയ്ക്ക് ആധാര്‍ അടിസ്ഥാനമാക്കി സമ്പര്‍ക്ക രഹിത സ്ഥിരീകരണം നടത്തുന്നതിന് ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്‍റെ വാഹന്‍ പ്ലാറ്റ്ഫോമില്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പോര്‍ട്ടലിലൂടെ വിവിധ കോണ്‍ടാക്റ്റ് രഹിത സേവനങ്ങള്‍ നേടാന്‍ താല്‍പ്പര്യപ്പെടുന്ന ഏതൊരു വ്യക്തിയും ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നടത്തേണ്ടതുണ്ടെന്ന് റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
ലേണേര്‍സ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസം മാറ്റല്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സില്‍ നിന്ന് വാഹനത്തിന്‍റെ ക്ലാസ് സറണ്ടര്‍ ചെയ്യല്‍, മോട്ടോര്‍ വാഹനത്തിന്‍റെ താല്‍ക്കാലിക രജിസ്ട്രേഷന്‍, രജിസ്ട്രേഷന്‍റെ തനിപ്പകര്‍പ്പ് സര്‍ട്ടിഫിക്കറ്റ്, വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറ്റം, വാടകയ്ക്ക് കൊടുക്കല്‍-വാങ്ങല്‍ കരാറിന്‍റെ അംഗീകാരവും അവസാനിപ്പിക്കലും എന്നിവയെല്ലാം ഇത്തരത്തില്‍ ആധാര്‍ സ്ഥിരീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പോര്‍ട്ടലില്‍ നിന്ന് ചെയ്യാവുന്നതാണ്.
ആധാര്‍ സ്ഥിരീകരണത്തിന്‍റെ റൂള്‍ 3 അനുസരിച്ചാണ് സര്‍ക്കാര്‍ പുതിയ സൗകര്യം ലഭ്യമാക്കുന്നത്. ഇത് സ്വമേധയാ വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.