പട്ടുമെത്തയോ മുള്‍ക്കിരീടമോ? ജസി ചുമതലയേറ്റു; വലിയ തലവേദന ഇന്ത്യ
1 min read- ആമസോണ്‍ സിഇഒ ആയുള്ള ആന്‍ഡി ജസിയുടെ ഇന്നിംഗ്സിന് തുടക്കം
- ഇന്ത്യയിലെ ഇ-കൊമേഴ്സ് നയങ്ങളാകും ജസിയുടെ ഏറ്റവും വലിയ വെല്ലുവിളി
- ജെഫ് ബെസോസിനന്‍റെ കടുത്ത അനുയായിയാണ് ജസി
ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സംരംഭമായ ആമസോണിന്‍റെ ചരിത്രത്തില്‍ പുതുയുഗത്തിന് തുടക്കമായി. സിഇഒ ആയുള്ള ആന്‍ഡി ജസിയുടെ ഇന്നിംഗ്സ് ആരംഭിച്ചതോടെയാണിത്. വര്‍ക്ക് എത്തിക്സില്‍ കണിശത പുലര്‍ത്തുന്ന ജസി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ കടുത്ത അനുയായിയാണ്. മാത്രമല്ല, ആമസോണിന്‍റെ ഏറ്റവും വരുമാനമുണ്ടാക്കുന്ന വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസിന് പിന്നിലും ആന്‍ഡി ജസിയായിരുന്നു.
യുഎസ് വിപണി കഴിഞ്ഞാല്‍ ആമസോണിന്‍റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. 2013ല്‍ അവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അജണ്ടയിലുണ്ടായിരുന്നത് പുസ്തകങ്ങള്‍, സിനിമകള്‍, ടിവി ഷോകള്‍, മൊബീല്‍ ഫോണുകള്‍, കാമറകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ വില്‍പ്പന മാത്രമായിരുന്നു. അന്ന് ഇന്ത്യയില്‍ സജീവമായ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 50 മില്യണ്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്നത് 600 മില്യണ്‍ ആയി ഉയര്‍ന്നു. അതോടൊപ്പം ആമസോണിന്‍റെ താല്‍പ്പര്യങ്ങളും വളരെ വലുതായി.
2016ല്‍ പ്രൈം മെമ്പര്‍ഷിപ്പും, പ്രൈം വിഡിയോയും, പേമെന്‍റ്സ് ബിസിനസും, രണ്ട് മണിക്കൂറിനുള്ള ഗ്രോസറി ഡെലിവറി സര്‍വീസും തുടങ്ങിയതോടെ ആമസോണിന്‍റെ വളര്‍ച്ചയുടെ ഗതി മാറി.
എന്നാല്‍ പുതിയ സിഇഒ ആന്‍ഡി ജസിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ തന്നെയാണ് ആമസോണിന്‍റെ ഏറ്റവും വലിയ തലവേദന. അതിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പുതിയ ഇ-കൊമേഴ്സ് നയങ്ങളാണ്.
പുതിയ നിയമങ്ങളില്‍ ആമസോണും പ്രധാന എതിരാളികളായ ഫ്ളിപ്കാര്‍ട്ടും ഇതിനോടകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആമസോണ്‍ പ്രതിനിധി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
പുതിയ നിയമങ്ങള്‍ ഇ-കൊമേഴ്സ് രംഗത്തുള്ള തങ്ങളുടെ ബിസിനസ് മോഡലിനെ തകര്‍ക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സമയം നീട്ടിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ആറായിരുന്നു ഇതിനുള്ള അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്.
ഫ്ളാഷ് സെയിലിന് മേലുള്ള നിയന്ത്രണം, പാര്‍ട്ട്ണര്‍ കമ്പനികള്‍ക്കുള്ള ചട്ടങ്ങള്‍ എന്നിവയാണ് പ്രധാന പ്രശ്നങ്ങളായി ഇ-കൊമേഴ്സ് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂണ്‍ 21നാണ് സര്‍ക്കാര്‍ പുതിയ ഇ-കൊമേഴ്സ് നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത്. ഉപയോക്താക്കള്‍ക്കും ചെറുകിട കമ്പനികള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയമങ്ങളെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഫ്ളാഷ് സെയിലിനുള്ള നിയന്ത്രണവും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കുള്ള നിരോധനവും പുതിയ പരാതി പരിഹാര സംവിധാനവും ആമസോണ്‍ പോലെയുള്ള സ്ഥാപനങ്ങളെ തങ്ങളുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാക്കും.
കൊവിഡ് 19 ചെറുകിട ബിസിനസ് സംരഭങ്ങളെ മോശമായി ബാധിച്ചിരിക്കുന്ന ഘട്ടത്തില്‍ നിയമത്തിലെ ചില ചട്ടങ്ങള്‍ ഈ മേഖലയ്ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പുതിയ നിയമത്തിലെ പല നിബന്ധനകളും നേരത്തെ തന്നെ നിലവിലുള്ളതാണെന്നും ആമസോണ്‍ പ്രതിനിധി പറയുന്നു.
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സെല്ലേഴ്സ് ലിസ്റ്റില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വന്‍ കാല്‍വെപ്പിന് തയാറെടുക്കുന്ന ടാറ്റയ്ക്കും ഈ നിയമത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സ്റ്റാര്‍ബക്ക്സുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്ന ടാറ്റയ്ക്ക് സ്റ്റാര്‍ബക്ക്സ് ഉല്‍പന്നങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വില്‍ക്കാനാകില്ലെന്ന സ്ഥിതിയുണ്ടാക്കും. സമാനം തന്നെയാണ് ആമസോണിന്‍റെയും അവസ്ഥ. പങ്കാളികളായ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാത്തത് കടുത്ത പ്രഹരം ബിസിനസിന് മേല്‍ ചുമത്തും.