ഇന്ത്യയില്‍ ‘നത്തിംഗ് ഇയര്‍ 1’ വില പ്രഖ്യാപിച്ചു
വില 5,999 രൂപ. ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാന്‍ കഴിയും
ഇന്ത്യയില്‍ ‘നത്തിംഗ് ഇയര്‍ 1’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ വില പ്രഖ്യാപിച്ചു. 5,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാന്‍ കഴിയും. ലണ്ടന്‍ ആസ്ഥാനമായി വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പെയ് ആരംഭിച്ച പുതിയ സംരംഭമാണ് നത്തിംഗ്. നത്തിംഗ് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് കാള്‍ പെയ്. ഇന്ത്യന്‍ വിപണിയില്‍ വലിയ താല്‍പ്പര്യമാണ് കമ്പനി പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മുന്‍ സാംസംഗ് സീനിയര്‍ എക്‌സിക്യൂട്ടീവ് മനു ശര്‍മയെ കമ്പനി നിയമിച്ചിരുന്നു.
ഇന്ത്യയിലെ വില്‍പ്പന സംബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ടുമായി നത്തിംഗ് ഇതിനകം പങ്കാളിത്തം സ്ഥാപിച്ചു. അതിവേഗ ഡോര്‍ സ്റ്റെപ്പ് ഡെലിവറി, നോ കോസ്റ്റ് ഇഎംഐ സൗകര്യങ്ങളോടെ ആയിരിക്കും ഫ്ളിപ്കാര്‍ട്ട് ഇന്ത്യയില്‍ നത്തിംഗ് ഇയര്‍ 1 ലഭ്യമാക്കുന്നത്. ലോകത്ത് അതിവേഗം വളരുന്ന ഓഡിയോ ഉപകരണ വിപണികളിലൊന്നാണ് ഇന്ത്യ. നിലവിലെ വര്‍ക്ക് ഫ്രം ഹോം സാഹചര്യത്തില്‍ ഓഡിയോ ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിക്കുകയാണ്. ഈ അവസരത്തില്‍ നത്തിംഗിന്റെ ഇന്ത്യന്‍ പ്രവേശനത്തിന് വഴികാട്ടിയാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഇലക്ട്രോണിക്സ് സീനിയര്‍ ഡയറക്റ്റര്‍ രാകേഷ് കൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ മാസം 27 നാണ് നത്തിംഗ് ഇയര്‍ 1 ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ ഉല്‍പ്പന്നത്തിന്റെ അവതരണത്തിന് ഏകദേശം രണ്ടാഴ്ച്ച മുമ്പ് വില പ്രഖ്യാപിച്ചത് ബ്രാന്‍ഡുകള്‍ക്കിടയില്‍ അസാധാരണ നടപടിയാണ്. നത്തിംഗ് ഇയര്‍ 1 ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ ആഗോള വില നേരത്തെ പ്രഖ്യാപിച്ചിരുന്നു. 99 ബ്രിട്ടീഷ് പൗണ്ടാണ് വിലയായി നിശ്ചയിച്ചത്. ഏകദേശം 10,200 ഇന്ത്യന്‍ രൂപ. ആഗോള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പുറത്തുവിട്ട ഇന്ത്യയിലെ വില വളരെ കുറവാണ്. ഇന്ത്യയിലെ ട്രൂ വയര്‍ലെസ് സെഗ്‌മെന്റിലെ മല്‍സര സ്വഭാവം പരിഗണിച്ചായിരിക്കും ഇത്തരത്തില്‍ മികച്ച വിലനിര്‍ണയം നടത്തിയത്.
‘നത്തിംഗ് ഇയര്‍ 1’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ ഡിസൈന്‍ ഇതിനകം പുറത്തുവിട്ടിരുന്നു. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) ഫീച്ചര്‍ സഹിതമായിരിക്കും നത്തിംഗ് ഇയര്‍ 1 വിപണിയിലെത്തുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച വില, എഎന്‍സി ഫീച്ചര്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ഓപ്പോ, റിയല്‍മി, വണ്‍പ്ലസ് എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുമായി നത്തിംഗ് ഇയര്‍ 1 വിപണിയില്‍ മല്‍സരിക്കും. മാത്രമല്ല, സോണി, സാംസംഗ് എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള ചില താങ്ങാവുന്ന ഉല്‍പ്പന്നങ്ങളും എതിരാളികളായി വരും. നത്തിംഗ് ബ്രാന്‍ഡിന് അല്‍പ്പം മേല്‍ക്കൈ നല്‍കുന്നതാണ് ഫീച്ചറുകള്‍, രൂപകല്‍പ്പന എന്നിവ. സുതാര്യമായ കേസിംഗ് മറ്റെവിടെയും കാണാത്തതാണ്.
സുതാര്യമായ ഡിസൈന്‍, ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ ഫീച്ചര്‍ എന്നിവയൊഴിച്ച് നത്തിംഗ് ഇയര്‍ 1 ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ജൂലൈ 27 ന് വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ സ്‌പെസിഫിക്കേഷനുകളും മറ്റ് ഫീച്ചറുകളും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ലഭ്യമാകും. ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കിയാണ് കാള്‍ പെയ് തന്റെ പുതിയ സംരംഭത്തിന് നാന്ദി കുറിക്കുന്നതെങ്കിലും മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ പിറകെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഇസെന്‍ഷ്യല്‍ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡിനെ നത്തിംഗ് ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കാള്‍ പെയ് വണ്‍പ്ലസ് വിട്ടത്. നത്തിംഗ് സ്ഥാപിച്ചയുടനെ ജിവിയില്‍നിന്ന് (നേരത്തെ ഗൂഗിള്‍ വെഞ്ച്വേഴ്സ്) പിന്തുണ ലഭിച്ചു. മറ്റ് പ്രമുഖരും കായ് പെയുടെ പുതിയ സംരംഭത്തില്‍ നിക്ഷേപം നടത്തി. സ്വീഡിഷ് വ്യാവസായിക ഡിസൈന്‍ സ്ഥാപനമായ ടീനേജ് എന്‍ജിനീയറിംഗുമായി ഇതിനകം പങ്കാളിത്തം സ്ഥാപിച്ചു.