കാര്‍ഷികേതര വായ്പ : സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കൊച്ചിന്‍ ചേംബര്‍
1 min readകൊച്ചി : ആദായ നികുതി കുരുക്കില്‍പ്പെട്ട കേരളത്തിലെ 1670 -ല്‍ പരം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് സഹായകരമായ സുപ്രീം കോടതി വിധിയെ കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നല്‍കുന്ന വായ്പയിലൂടെ ലഭിക്കുന്ന വരുമാനത്തിന് സെക്ഷന്‍ 80 (പി) പ്രകാരം കിഴിവിന് അര്‍ഹതയില്ലെന്ന കേരള ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി അസാധുവാക്കിയത്. ഹൈക്കോടതിയുടെ വിധിക്കെതിരെ മാവിലായ് സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളായി (പി.എ.സി.എസ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ക്ക്, കാര്‍ഷിക മേഖലയുമായി ബന്ധമില്ലാത്ത അവരുടെ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ ആദായനികുതി നിയമത്തിലെ 80 (പി) വകുപ്പ് പ്രകാരം കിഴിവുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞു. 2007 മുതലുള്ള തര്‍ക്കങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
5500 കോടിയില്‍ പരം തുക വായ്പ നല്‍കിയിട്ടുള്ള കേരളത്തിലെ സഹകരണ സംഘങ്ങളെ വലിയ ബാധ്യതയില്‍ നിന്നും രക്ഷപെടുത്തിയ വിധിയാണിതെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റ് പി.എം.വീരമണി അഭിപ്രായപ്പെട്ടു. ഈ വിധി കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.