ഗൂഗിള്‍ ഫാസ്റ്റ് പെയര്‍ സാങ്കേതികവിദ്യയോടെ നോയ്‌സ് ബഡ്‌സ് പ്ലേ
പ്രാരംഭ വില 2,999 രൂപ. ഏതാനും ദിവസങ്ങള്‍ക്കുശേഷം 3,499 രൂപയായിരിക്കും വില
ന്യൂഡെല്‍ഹി: നോയ്‌സ് ബഡ്‌സ് പ്ലേ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,999 രൂപയാണ് പ്രാരംഭ വില. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇയര്‍ബഡുകള്‍ക്ക് വില 3,499 രൂപയായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സെലസ്റ്റ് ബ്ലൂ, ഓണിക്‌സ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് വാങ്ങാം.
10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ലഭിച്ചതാണ് നോയ്‌സ് ബഡ്‌സ് പ്ലേ. ‘ട്രൂ ബാസ്’ സാങ്കേതികവിദ്യ നല്‍കി. ക്വാഡ് മൈക്ക് സംവിധാനം (ഓരോ ഇയര്‍ബഡിലും ഇരട്ട മൈക്ക്) സവിശേഷതയാണ്. കോള്‍ സമയങ്ങളില്‍ വ്യക്തമായി സംസാരിക്കുന്നതിന് എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍ ഫീച്ചര്‍ ലഭിച്ചു. ഭാരം കുറഞ്ഞവയാണ് ഇയര്‍ബഡുകള്‍. ഐപിഎക്‌സ്4 റേറ്റിംഗ് സവിശേഷതയാണ്.
ചെവിയില്‍നിന്ന് ഇയര്‍ബഡുകള്‍ എടുത്താലുടന്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് ഓട്ടോമാറ്റിക്കായി പോസ് ചെയ്യുന്ന ഇന്‍ ഇയര്‍ വെയര്‍ ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു. വീണ്ടും ചെവിയില്‍ വെച്ചാല്‍ പ്ലേബാക്ക് പുനരാരംഭിക്കും. ഓരോ ഇയര്‍ബഡിനും ഓണ്‍ ഇയര്‍ ടച്ച് കണ്‍ട്രോളുകള്‍ സവിശേഷതയാണ്. വോള്യം, മ്യൂസിക്, കോളുകള്‍ എന്നിവ നിയന്ത്രിക്കുന്നതിനും സിരി/ഗൂഗിള്‍ അസിസ്റ്റന്റിനെ വിളിക്കുന്നതിനും ഈ ടച്ച് കണ്‍ട്രോളുകള്‍ ഉപയോഗിക്കാം.
ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ആകെ 25 മണിക്കൂര്‍ വരെ പ്ലേടൈം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. 90 മിനിറ്റില്‍ ഇയര്‍ബഡ്‌സ് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇയര്‍ബഡുകളുടെ കൂട് പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 60 മിനിറ്റ് മതി. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ലഭിച്ചതാണ് കേസ്.
കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി. തടസ്സങ്ങളില്ലാത്ത, അതിവേഗ പെയറിംഗ് സാധ്യമാക്കുന്നതാണ് ‘ഗൂഗിള്‍ ഫാസ്റ്റ് പെയര്‍’ സാങ്കേതികവിദ്യ. ഫോണ്‍ ബാറ്ററി കാര്യമായി ഉപയോഗിക്കാതെ തൊട്ടടുത്തുള്ള ബ്ലൂടൂത്ത് ഡിവൈസുകള്‍ കണ്ടെത്തുന്നതിന് ബ്ലൂടൂത്ത് ലോ എനര്‍ജി (ബിഎല്‍ഇ) പ്രയോജനപ്പെടുത്തുന്നതാണ് ഗൂഗിള്‍ ഫാസ്റ്റ് പെയര്‍ സാങ്കേതികവിദ്യ. ഐഒഎസ് ഡിവൈസുകളുമായും പൊരുത്തപ്പെടുന്നതാണ് നോയ്‌സ് ബഡ്‌സ് പ്ലേ ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍.