എന്‍എംസി തട്ടിപ്പ് : ബി ആര്‍ ഷെട്ടിയുടെയും പ്രശാന്ത് മങ്ങാട്ടിന്റെയും ആസ്തികള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവ്
അബുദാഹി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ ഹര്‍ജിയില്‍ യുകെ കോടതിയുടേതാണ് ഉത്തരവ്
അബുദാബി: സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎഇ ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത്‌കെയര്‍ സ്ഥാപകന്‍ ബി ആര്‍ ഷെട്ടിയുടെയും മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ള മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ (എഡിസിബി) ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സാമ്പത്തിക തിരിമറികളും തട്ടിപ്പുകളും പുറത്തായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായ എന്‍എംസി ഹെല്‍ത്ത്‌കെയറില്‍ കഴിഞ്ഞ വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലാണ് എന്‍എംസിക്ക് ഏറ്റവുമധികം ബാധ്യതകളുള്ളത്. എന്‍എംസിക്കെതിരായ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതും എഡിസിബിയാണ്. മൊത്തത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ വെളിപ്പെടുത്താത്ത ബാധ്യതകളാണ് എന്‍എംസിക്ക് ഉള്ളത്. ഇതില്‍ 3.7 ബില്യണ്‍ ദിര്‍ഹം(1 ബില്യണ്‍ ഡോളര്‍) എഡിസിബിയിലാണ്. യുഎഇയിലും വിദേശങ്ങളിലുമുള്ള നിരവധി ബാങ്കുകളില്‍ നിന്നും എന്‍എംസി വായ്പകള്‍ എടുത്തിട്ടുണ്ട്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കുകള്‍ അപേക്ഷങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ ആസ്തികള്‍ വില്‍ക്കുന്നതടക്കമുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ബി ആര്‍ ഷെട്ടി അടക്കം ആറ് മുന്‍ എന്‍എംസി ഉന്നത ഉദ്യോഗസ്ഥരുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ലണ്ടന്‍ ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിക്കുന്ന നിയുക്ത സിഇഒ മിഷേല്‍ ഡേവിസിന്റെ പ്രസ്താവനയും ഉത്തരവില്‍ കോടതി ഉദ്ധരിച്ചിട്ടുണ്ട്. കമ്പനി മാനേജ്‌മെന്റിലും മേല്‍നോട്ടത്തിലും ഗുരുതരമായ പിഴവ് സംഭവിച്ചതായി കഴിഞ്ഞ വര്‍ഷം എന്‍എംസിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് യുകെ കോടതി നിരീക്ഷിച്ചിരുന്നു.