അധിക ഫീച്ചറുകളോടെ പുതിയ ജിഎല്‍സി
ജിഎല്‍സി 200, ജിഎല്‍സി 220ഡി 4മാറ്റിക് എന്നീ വേരിയന്റുകളില്‍ പ്രീമിയം മിഡ് സൈസ് എസ്‌യുവി ലഭിക്കും. യഥാക്രമം 57.40 ലക്ഷം, 63.15 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില
ന്യൂഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ 2021 ജിഎല്‍സി അവതരിപ്പിച്ചു. ജിഎല്‍സി 200, ജിഎല്‍സി 220ഡി 4മാറ്റിക് എന്നീ രണ്ട് വേരിയന്റുകളില്‍ പ്രീമിയം മിഡ് സൈസ് എസ്‌യുവി ലഭിക്കും. യഥാക്രമം 57.40 ലക്ഷം രൂപയും 63.15 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബ്രില്യന്റ് ബ്ലൂ, ഹൈ ടെക് സില്‍വര്‍ എന്നിവയാണ് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍.
പുതിയ ഫീച്ചറുകള്‍, പുതിയ ബോഡി കളര്‍ ഓപ്ഷനുകള്‍ എന്നിവയാണ് മാറ്റങ്ങള്‍. നിലവിലെ അതേ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ പരിഷ്‌കരിച്ച മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ലഭിക്കും.
ക്ലാസിക്, പ്രോഗ്രസീവ്, സ്‌പോര്‍ട്ടി എന്നീ മൂന്ന് സ്‌റ്റൈല്‍ ഓപ്ഷനുകളോടെ പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ നല്‍കി. 12.3 ഇഞ്ച് ഡിസ്‌പ്ലേ ലഭിച്ചു. മുന്‍ നിരയില്‍ മസാജ് സീറ്റുകളാണ് നല്‍കിയത്. 360 ഡിഗ്രി പാര്‍ക്കിംഗ് അസിസ്റ്റ്, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകള്‍ പരിഷ്‌കരിച്ച ജിഎല്‍സിയില്‍ നല്‍കി. അലക്‌സ, ഗൂഗിള്‍ ഹോം ഇന്റഗ്രേഷന്‍ സഹിതം ‘മെഴ്‌സേഡസ് മി കണക്റ്റ്’ ആപ്പ്, നാവിഗേഷന്‍ സിസ്റ്റത്തില്‍ പാര്‍ക്കിംഗ് ലൊക്കേഷന്‍ എന്നിവ സവിശേഷതകളാണ്.
2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജിഎല്‍സി 200 വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 194 ബിഎച്ച്പി കരുത്തും 1,650 ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 220ഡി വേരിയന്റ് ഉപയോഗിക്കുന്നത് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 3,800 ആര്‍പിഎമ്മില്‍ 192 ബിഎച്ച്പി കരുത്തും 1,600 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും ഓപ്ഷന്‍.
കഴിഞ്ഞ വര്‍ഷം തങ്ങളുടെ എസ്‌യുവി നിരയില്‍ ഏറ്റവുമധികം വിറ്റുപോയ മോഡലാണ് ജിഎല്‍സി എന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു.