ഇസ്രയേലിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് നെതന്യാഹു
1 min readടെല്‍ അവീവ്: ഇസ്രയേലില്‍ ഭരണത്തിലേറിയ എട്ടു പാര്‍ട്ടികളുടെ വിചിത്ര സഖ്യത്തെ അട്ടിമറിക്കുമെന്ന് മുന്‍പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് മുന്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച നേതാവാണ് അദ്ദേഹം.
നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെ മറികടന്നാണ് പുതിയ സഖ്യം ഭരണത്തിലേറിയത്. “സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അട്ടിമറിക്കപ്പെടും”, നെതന്യാഹു പറഞ്ഞു. പാര്‍ലമെന്‍റില്‍ പുതിയ സഖ്യത്തെ തളര്‍ത്തുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷനിരയിലെ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.പുതിയ സര്‍ക്കാറിന്‍റെ ഭരണം അവസാനിപ്പിക്കുന്നത് ജനങ്ങള്‍ക്കും ഇസ്രയേലിനും ഒരു മോചനമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
തങ്ങളുടെ പുതിയ സഖ്യ സര്‍ക്കാരിനെ പാര്‍ലമെന്‍റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് യാമിന പാര്‍ട്ടിയുടെ നേതാവും മുന്‍ സര്‍ക്കാരിന്‍റെ ഭാഗവുമായിരുന്ന ബെന്നറ്റ്,യെഷ് ആറ്റിഡ് പാര്‍ട്ടിയുടെ നേതാവും മുന്‍ ധനമന്ത്രിയുമായ ലാപിഡ് എന്നിവരുടെ നേതൃത്ത്വത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. സഖ്യ ഉടമ്പടി പ്രകാരം 49 കാരനായ ബെന്നറ്റും 57 കാരനായ ലാപിഡും പ്രധാനമന്ത്രിപദം പങ്കുവെയ്ക്കും.ആദ്യ രണ്ട് വര്‍ഷത്തേക്ക് ബെന്നറ്റും പിന്നീട് ലാപിഡും പ്രധാനമന്ത്രിമാരാകും. ലാപിഡ് ഇപ്പോള്‍ വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.