മ്യാന്‍മാറില്‍നിന്ന് മിസോറാമിലേക്ക് അഭയാര്‍ത്ഥികള്‍
1 min readഐസ്വാള്‍: മ്യാന്‍മാറിലെ സൈനിക അട്ടിമറിക്കുശേഷം അവിടെനിന്നും ഇന്ത്യയിലേക്ക് കടക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചില മ്യാന്‍മര്‍ പോലീസ് ഉദ്യോഗസ്ഥരും സാധാരണജനങ്ങളും ഇന്ത്യയിലേക്ക് കടന്ന് മിസോറാമില്‍ അഭയം തേടുകയാണെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരും ഗ്രാമവാസികളുമാണ് പറയുന്നത്. ഈ വസ്തുത പൊലീസും അതിര്‍ത്തി കാവല്‍ സേനയും നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. “അവര്‍ പോലീസുകാരാണോ അല്ലയോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല” എന്ന് സെര്‍ച്ചിപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കുമാര്‍ അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു.
‘ബുധനാഴ്ച മൂന്ന് പേര്‍ കടന്നുപോയി, കുറച്ചുപേര്‍ വ്യാഴാഴ്ച കൂടി വന്നു. നിര്‍ബന്ധിത കോവിഡ് -19 ടെസ്റ്റുകള്‍ക്ക് ശേഷം അവരെ ലുങ്കാവ് ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹാളില്‍ പാര്‍പ്പിച്ചു. ഇതുസബന്ധിച്ച എല്ലാകാര്യങ്ങളും ഇപ്പോള്‍ അന്വേഷണത്തിലാണ്, ഉയര്‍ന്ന അതോറിറ്റിയെ അറിയിച്ചിട്ടുമുണ്ട്,’ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വെളിപ്പെടുത്താന്‍ വിസമ്മതിച്ചുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ജില്ലാ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് ഭക്ഷണവും താമസിക്കുന്നതിന് സൗകര്യവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ചിലര്‍ തന്‍റെ ജില്ലയിലേക്ക് കടന്നതായി ചമ്പായ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ മരിയ സുവാലിയും അരിയിച്ചിട്ടുണ്ട്. മിസോറം ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ‘നിങ്ങള്‍ ഐസ്വാളിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതാണ് നല്ലത്. തന്ത്രപ്രധാനമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’ നിരവധി ജില്ലാ ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ഐഎഎന്‍എസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ചില ആളുകള്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് പ്രവേശിച്ചതായി അവര്‍ സൂചിപ്പിക്കുന്നു.
നിരായുധരായ പോലീസ് ഉദ്യോഗസ്ഥരും മ്യാന്‍മറില്‍ നിന്നുള്ള സാധാരണക്കാരും അടങ്ങിയ 20 പേരെങ്കിലും മാര്‍ച്ച് 3 മുതല്‍ മലയോര സംസ്ഥാനത്തേക്ക് കടന്നതായി കിഴക്കന്‍ മിസോറാമിലെ ചമ്പായ്, സെര്‍ച്ചിപ്പ് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമവാസികളും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഗ്രാമവാസികളുടെ അഭിപ്രായത്തില്‍,നുഴഞ്ഞുകയറ്റക്കാരെല്ലാം ചിന്‍ വംശീയ വിഭാഗത്തില്‍ പെടുന്നവരാണ്. ഇത് ഒരു മിസോ കമ്യൂണിറ്റിയാണ്. സ്വാധീനമുള്ള മിസോറം വിദ്യാര്‍ത്ഥി സംഘടനയായ മിസോ സിര്‍ലായ് പൗള്‍ മ്യാന്‍മാറിലെ മിസോ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. സൈനിക അട്ടിമറിയിലും അയല്‍രാജ്യത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ച് അവര്‍ ഐസ്വാളില്‍ ഒരു കുത്തിയിരിപ്പ് സമരവും നടത്തി.
മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ ഐക്യരാഷ്ട്രസഭയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടല്‍ തേടുമെന്നും അയല്‍രാജ്യത്തെ മിസോ സമൂഹത്തിന് സഹായം നല്‍കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും മുതിര്‍ന്ന എംഎസ്പി നേതാവ് റിക്കി ലാല്‍ബിയാക്മാവിയ പറഞ്ഞു. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് മ്യാന്‍മാറുമായി സുരക്ഷിതമല്ലാത്ത അതിര്‍ത്തികള്‍ പങ്കിടുന്നത്. മിസോറമിന് 510 കിലോമീറ്റര്‍ അതിര്‍ത്തിയാണ് അയല്‍ രാജ്യവുമായി ഉള്ളത്. അരുണാചല്‍ പ്രദേശ് (520 കിലോമീറ്റര്‍), മണിപ്പൂര്‍ (398 കിലോമീറ്റര്‍), നാഗാലാന്‍ഡ് (215 കിലോമീറ്റര്‍) എന്നിങ്ങളനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി. മ്യാന്‍മാറില്‍ സ്ഥിതി ഗുരുതരമായാല്‍ ഈ സംസ്ഥാനങ്ങളിലേക്കെല്ലാം അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയുണ്ട്.