4 വര്‍ഷം, ഏറ്റെടുക്കലിന് മാത്രം അംബാനി ചെലവിട്ടത് 25,000 കോടി രൂപ!
1 min read- ഏറ്റവും പുതിയ ഏറ്റെടുക്കല്‍ ബ്രിട്ടീഷ് ഐക്കണിക് ബ്രാന്‍ഡായ സ്റ്റോക്പാര്‍ക്കിന്‍റേത്
- ബ്രിട്ടനിലെ ആധ്യ കണ്‍ട്രി ക്ലബ്ബാണ് സ്റ്റോക് പാര്‍ക്ക്, 900 വര്‍ഷം പഴക്കം
- ഹോസ്പിറ്റാലിറ്റി മേഖലയില്‍ ശക്തി കൂട്ടാന്‍ റിലയന്‍സ്
മുംബൈ: ഏറ്റെടുക്കലുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്രിട്ടനിലെ ഐക്കണിക്ക് കണ്ട്രി ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്കിനെയാണ് മുകേഷ് അംബാനി ഏറ്റെടുത്തിരിക്കുന്നത്. 592 കോടി രൂപയുടേതാണ് ഇടപാട്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം റിലയന്‍സ് ഏകദേശം കാല്‍ ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുകളാണ് പ്രഖ്യാപിച്ചത്. റീട്ടെയ്ലില്‍ 14 ശതമാനം, ടെക്നോളജി, മീഡിയ, ടെലികോം എന്നിവയല്‍ 80 ശതമാനം, ഊര്‍ജത്തില്‍ ആറ് ശതമാനം എന്നിങ്ങളനെയാണ് ഏറ്റെടുക്കല്‍ ഡീലുകളുടെ കണക്ക്.
ബക്കിംഗ്ഹാംഷെയറില്‍ സ്റ്റോക്ക് പാര്‍ക്കിന് ഹോട്ടലും ഗോള്‍ഫ് കോഴ്സുമുണ്ട്. റിലയന്‍സിന്‍റെ കണ്‍സ്യൂമര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ബിസിനസിന് വലിയ കുതിപ്പ് പകരുന്നതാകും പുതിയ തീരുമാനം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്‍റ്സ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിലൂടെയാണ് ഏറ്റെടുക്കല്‍ നടന്നത്. ഹോട്ടല്‍, കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍, സ്പോര്‍ട്ട്സ് ഫസിലിറ്റീസ് തുടങ്ങിയവയെല്ലാം സ്റ്റോക് പാര്‍ക്കിലുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ആഡംബര ഗോള്‍ഫ് കോഴ്സുകളിലൊന്നാണ് സ്റ്റോക് പാര്‍ക്കിലേത്.
ഈ പൈതൃക സൈറ്റിലെ സ്പോര്‍ട്ട്സ്, ലീഷര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് റിലയന്‍സ് വ്യക്തമാക്കി. ഓയില്‍ മുതല്‍ ടെലികോം വരെയുള്ള രംഗങ്ങളില്‍ അതികായനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ പുതിയ ഏറ്റെടുക്കല്‍ സഹായിക്കും.
ഇഐഎച്ച് ലിമിറ്റഡി(ഒബ്റോയ് ഹോട്ടല്‍സ്)ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇപ്പോള്‍ നിക്ഷേപമുണ്ട്. അടുത്തിടെ അംബാനി നടത്തുന്ന ചരിത്രപ്രാധാന്യമുള്ള രണ്ടാമത്തെ ഏറ്റെടുക്കലാണിത്. 2019ല്‍ ബ്രിട്ടീഷ് ഐക്കണിക് ടോയ് സ്റ്റോറായ ഹാംലേസിനെ മുകേഷ് അംബാനി ഏറ്റെടുത്തിരുന്നു.
ബ്രിട്ടീഷ് സിനിമാ വ്യവസായവുമായി വളരെ അടുത്ത ബന്ധമുള്ള സംരംഭം കൂടിയാണ് സ്റ്റോക് പാര്‍ക്ക്. രണ്ട് പ്രശസ്ത ജെയിംസ് ബോണ്ട് സിനിമകള്‍ ചിത്രീകരിച്ചത് സ്റ്റോക് പാര്‍ക്കിലാണ്. 1964ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ഫിംഗര്‍, 1997ല്‍ പുറത്തിറങ്ങിയ ടുമാറോ നെവര്‍ ഡൈസ് എന്നീ ചിത്രങ്ങള്‍ സ്റ്റോക് പാര്‍ക്കിലായിരുന്നു ഷൂട്ട് ചെയ്തത്.
49 ലക്ഷ്വറി റൂമുകള്‍, 27 ഹോള്‍ ഗോള്‍ഫ് കോഴ്സ്, 13 ടെന്നിസ് കോര്‍ട്ടുകള്‍, 14 ഏക്കര്‍ സ്വകാര്യ പൂന്തോട്ടം എന്നിവയടങ്ങിയതാണ് സ്റ്റോക് പാര്‍ക്ക്. 900 വര്‍ഷത്തെ രേഖപ്പെടുത്തിയ ചരിത്രം അവകാശപ്പെടാനുണ്ട് സ്റ്റോക് പാര്‍ക്കിന്. 1908 വരെ അത് സ്വകാര്യ റെസിഡന്‍സ് ആയി ഉപയോഗിപ്പപെട്ടിരുന്നുവെന്ന് സ്ഥാപനത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്നു.
കിംഗ് ഫാമിലിയുടെ ഉടമസ്ഥതയിലുള്ള ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പില്‍ നിന്നാണ് സ്റ്റോക് പാര്‍ക്കിനെ അംബാനി ഏറ്റെടുത്തത്.