കര്‍ഷക സമരം കേന്ദ്രത്തെ പിന്തുണച്ച് മൂഡ് ഓഫ് നേഷന്‍ സര്‍വേ
1 min readന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കതിരായസമരം ശക്തമായിതുടരുന്ന സാഹചര്യത്തിലും ജനപിന്തുണ കേന്ദ്രസര്‍ക്കാരിനെന്ന് സൂചന. ഈ സാഹചര്യത്തില്‍ നടന്ന മൂഡ് ഓഫ് നേഷന്‍ വോട്ടെടുപ്പില്‍ നിന്നുള്ള കണ്ടെത്തലുകളിലാണ് ശ്രദ്ധേയമായ വസ്തുകളുള്ളത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 80 ശതമാനംപേര്‍ ഈ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെ പിന്തുണക്കുകയാണ്. 16 ശതമാനം ആളുകള്‍ മാത്രമാണ് ഇതിന് വിരുദ്ധ നിലപാട് സ്വീകരിച്ചത്.
എങ്കിലും കാര്‍ഷിക നിയമങ്ങള്‍വഴി ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന വിഷയത്തില്‍ സര്‍വേ വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുന്നു. നിയമം കര്‍ഷകരെ സഹായിക്കുമെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം പേര്‍ അത് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാകുമെന്ന് പറഞ്ഞു. നിയമങ്ങള്‍ ഇരുവരെയും സഹായിക്കുമെന്നായിരുന്നു മറ്റൊരു 25 ശതമാനം പേരുടെ അഭിപ്രായം.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ അതോ കര്‍ഷകര്‍ ആവശ്യപ്പെട്ട പ്രകാരം റദ്ദാക്കണോ എന്ന ചോദ്യത്തിന് 55ശതമാനം പേര്‍ ഭേദഗതിക്കായി വോട്ടു ചെയ്തു. 28 ശതമാനം പേരാണ് റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ചത്.
കാര്‍ഷിക രംഗത്തെ തന്നെ അടിമുടി മാറ്റാന്‍ പര്യാപ്തമെന്ന് മോദിസര്‍ക്കാര്‍ കരുതിയ നിയമങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ബിജെപിയുടെ കാലങ്ങളായുള്ള സഖ്യകക്ഷി ശിരോമണി അകാലിദള്‍ (എസ്എഡി) എന്‍ഡിഎ വിടുന്ന സാഹചര്യമുണ്ടായി. ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി സ്ഥാനത്ത് നിന്നും ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ രാജിവെയ്ക്കുകയും ചെയ്തു.
അതേസമയം, പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിഹാരം കാണുന്നതിന് നാലംഗ സമിതിയും രൂപീകരിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കുറഞ്ഞതൊന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നില്ല.