September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൈനികാഭ്യാസം: സമാധാന കരാര്‍ റദ്ദാക്കുമെന്ന് ഉത്തരകൊറിയ

1 min read

സിയോള്‍: യുഎസുമായി സൈനികാഭ്യാസം നടത്തിയതിന് ദക്ഷിണകൊറിക്കെതിരെ ഉത്തരകൊറിയ രംഗത്തുവന്നു. പ്രകോപനപരമായ നിലപാടുകള്‍ തുടര്‍ന്നാല്‍ സിയോളുമായുള്ള സമാധാന കരാര്‍ റദ്ദാക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ് ഭീഷണിപ്പെടുത്തി. ദക്ഷിണ കൊറിയ വീണ്ടും യുദ്ധത്തിന്‍റെ വഴി തെരഞ്ഞെടുക്കുകയാണ്. കൊറിയന്‍ ജനതയ്ക്ക് ഊഷ്മളമായ ഭാവി നല്‍കുന്നതിനുപകരം പ്രതിസന്ധികളുടെ വഴി തെരഞ്ഞെടുക്കാനാണ് സിയോള്‍ ശ്രമിക്കുന്നതെന്ന് കിം യോ-ജോങിനെ ഉദ്ധരിച്ച് യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഉത്തരകൊറിയയിലെ റൊഡോങ് സിന്‍മുന്‍ പത്രമാണ് കിം യോ-ജോങിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

“ദക്ഷിണ കൊറിയയുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങള്‍ ശ്രദ്ധാലുവായിരിക്കും, അത് കൂടുതല്‍ പ്രകോപനപരമായി മാറുകയാണെങ്കില്‍, അന്തര്‍ കൊറിയന്‍ സൈനിക കരാര്‍ ഇല്ലാതാക്കുക പോലുള്ള പ്രത്യേക നടപടികള്‍ കൈക്കൊള്ളും,” അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ 2018 സെപ്റ്റംബറില്‍ ഒപ്പുവച്ച കരാറിനെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു.അതിര്‍ത്തി കടന്നുള്ള കാര്യങ്ങളും സംഭാഷണങ്ങളും കൈകാര്യം ചെയ്യുന്ന പുനഃസംഘടനയ്ക്കുള്ള സമിതിയെ പിരിച്ചുവിടുകയല്ലാതെ ഉത്തരകൊറിയയ്ക്ക് മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കായി ഉത്തരകൊറിയയെ സമീപിച്ചതായി വൈറ്റ് ഹൗസ് പറഞ്ഞതിന് ശേഷമാണ് കിം യോ-ജോങ്ങിന്‍റെ പ്രസ്താവന പുറത്തുവന്നത്. യുഎസിന്‍റെ സമീപനത്തോട് പ്യോങ്യാങ് പ്രതികരിച്ചിട്ടില്ല.

കോവിഡ് -19ന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയയും യുഎസും തങ്ങളുടെ സംയുക്ത സൈനികാഭ്യാസം ചുരുക്കം സൈനികരെ ഉള്‍പ്പെടുത്തി മാത്രമാണ് നടത്തുന്നത്. അഭ്യാസങ്ങള്‍ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കും.

‘സംയുക്ത സൈനികാഭ്യാസത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം ഒരേ ദേശക്കാരെയാണ് ലക്ഷ്യമിടുന്നത്. അല്ലാതെ സൈനികാഭ്യാസത്തിന്‍റെ വലിപ്പത്തെയല്ല ഞങ്ങള്‍ എതിര്‍ക്കുന്നത്.’കിം യോ ജോങ് പറഞ്ഞു. പ്രകോപനപരമായ എന്തെങ്കിലും നടപടികള്‍ ഉണ്ടാകുന്നതിനെതിരെ അവര്‍ യുഎസ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി. “വരുന്ന നാല് വര്‍ഷത്തേക്ക് സമാധാനത്തോടെ ഉറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന്‍റെ ആദ്യ ഘട്ടത്തില്‍ ന്യായമല്ലാത്ത കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് വേണ്ടത്’ അവര്‍ കൂട്ടിച്ചേര്‍ത്തു

Maintained By : Studio3