മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്‌ടോപ്പ് 4 പുറത്തിറക്കി
ന്യൂഡെല്‍ഹി: മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്‌ടോപ്പ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോള അരങ്ങേറ്റം നടത്തി ഒരു മാസത്തിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്. മൈക്രോസോഫ്റ്റിന്റെ സ്വന്തം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ലാപ്‌ടോപ്പ് മെച്ചപ്പെട്ട അനുഭവം സമ്മാനിക്കും.
എഎംഡി റൈസന്‍ 5 4680യു സിപിയു, 8 ജിബി റാം, 256 ജിബി എസ്എസ്ഡി എന്നിവ ലഭിച്ച 13.5 ഇഞ്ച് വേരിയന്റിന് 1,02,999 രൂപയും എഎംഡി റൈസന്‍ 7 4980യു കരുത്തേകുന്ന 15 ഇഞ്ച് വേരിയന്റിന് 1,34,999 രൂപയും ഇന്റല്‍ കോര്‍ ഐ5 1135ജി7, 16 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവ ലഭിച്ച 13.5 ഇഞ്ച് വേരിയന്റിന് 1,51,999 രൂപയുമാണ് വില. മാത്രമല്ല, 1,05,999 രൂപ മുതല്‍ 1,77,999 രൂപ വരെ നിരവധി കൊമേഴ്‌സ്യല്‍ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളിലും (എസ്‌കെയു) മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്‌ടോപ്പ് 4 ലഭിക്കും. ബ്ലാക്ക്, പ്ലാറ്റിനം എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. കൊമേഴ്‌സ്യല്‍ റീസെല്ലര്‍മാര്‍, റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ വാങ്ങാം.
3:2 ‘പിക്‌സല്‍സെന്‍സ്’ ഹൈ കോണ്‍ട്രാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ അല്ലെങ്കില്‍ എഎംഡി റൈസന്‍ 5, എഎംഡി റൈസന്‍ 7 മൊബീല്‍ പ്രൊസസറുകള്‍ കരുത്തേകുന്നു. 16 ജിബി വരെ റാം, പരമാവധി 512 ജിബി എസ്എസ്ഡി സ്റ്റോറേജ് എന്നിവ ലഭിച്ചു. ഡോള്‍ബി ആറ്റ്‌മോസ് സറൗണ്ട് സൗണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന ഓമ്‌നിസോണിക് സ്പീക്കറുകള്‍ നല്‍കി. സ്റ്റുഡിയോ മൈക്രോഫോണ്‍ അറേ സവിശേഷതയാണ്. മുന്നില്‍ ലോ ലൈറ്റ് കപ്പാസിറ്റി സഹിതം എച്ച്ഡി കാമറ നല്‍കി. വലിയ ട്രാക്ക്പാഡ്, ജെസ്ചര്‍ സപ്പോര്‍ട്ട് എന്നിവ സഹിതം സ്റ്റാന്‍ഡേഡ് കീബോര്‍ഡ്, നിങ്ങളുടെ മുഖം കണ്ട് തിരിച്ചറിയുന്ന ‘വിന്‍ഡോസ് ഹലോ’ എന്നിവ സവിശേഷതകളാണ്.
വൈഫൈ 6, ബ്ലൂടൂത്ത് 5, യുഎസ്ബി ടൈപ്പ് സി, യുഎസ്ബി ടൈപ്പ് എ, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ എഎംഡി റൈസന്‍ വേരിയന്റില്‍ 19 മണിക്കൂര്‍ വരെയും ഇന്റല്‍ വേരിയന്റില്‍ 17 മണിക്കൂര്‍ വരെയും ചാര്‍ജ് നീണ്ടുനില്‍ക്കും.