മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്‌ടോപ്പ് ഗോ പുറത്തിറക്കി
ഉപഭോക്തൃ പതിപ്പുകള്‍ക്ക് 71,999 രൂപയിലും വാണിജ്യ പതിപ്പുകള്‍ക്ക് 63,499 രൂപയിലുമാണ് വില ആരംഭിക്കുന്നത്
ന്യൂഡെല്‍ഹി: മൈക്രോസോഫ്റ്റ് ‘സര്‍ഫേസ് ലാപ്‌ടോപ്പ് ഗോ’ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മൈക്രോസോഫ്റ്റ് ലാപ്‌ടോപ്പാണ് ‘സര്‍ഫേസ് ലാപ്‌ടോപ്പ് ഗോ’. സാമാന്യം നല്ല വിന്‍ഡോസ് 10 അനുഭവം ലഭിക്കുന്ന 12 ഇഞ്ച് വിന്‍ഡോസ് 10 ലാപ്‌ടോപ്പാണ് സര്‍ഫേസ് ലാപ്‌ടോപ്പ് ഗോ.
അല്‍പ്പം പഴയ പത്താം തലമുറ ഇന്റല്‍ കോര്‍ പ്രൊസസറാണ് ഈ മോഡലിന് മൈക്രോസോഫ്റ്റ് നല്‍കിയിരിക്കുന്നത്. ഉപഭോക്തൃ പതിപ്പുകള്‍ക്ക് 71,999 രൂപയിലും വാണിജ്യ പതിപ്പുകള്‍ക്ക് 63,499 രൂപയിലുമാണ് വില ആരംഭിക്കുന്നത്.
പത്താം തലമുറ കോര്‍ ഐ5 പ്രൊസസര്‍, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 71,999 രൂപയും ഇതേ കോര്‍ ഐ5 പ്രൊസസര്‍, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 91,999 രൂപയുമാണ് വില. വാണിജ്യ പതിപ്പുകളുടെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 63,499 രൂപയും 16 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,10,999 രൂപയുമാണ് വില.
വിദ്യാര്‍ത്ഥികള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത 12 ഇഞ്ച് വിന്‍ഡോസ് 10 ലാപ്‌ടോപ്പാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്‌ടോപ്പ് ഗോ. 12.4 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുടെ കാഴ്ച്ച അനുപാതം 3:2 ആണ്. 1.11 കിലോഗ്രാം മാത്രമാണ് ഭാരം. ഫുള്‍ സൈസ് ക്വെര്‍ട്ടി കീബോര്‍ഡ്, ട്രാക്ക്പാഡ് എന്നിവ നല്‍കി.
എല്ലാ വേരിയന്റുകളും ഇന്റല്‍ കോര്‍ ഐ5 1035ജി1 പ്രൊസസറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വ്യത്യസ്ത റാം, സ്റ്റോറേജ് ശേഷികള്‍ നല്‍കി. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, യുഎസ്ബി ടൈപ്പ് എ പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ഹാക്ക്, വൈഫൈ 6: 802.11എഎക്‌സ്, ബ്ലൂടൂത്ത് 5.0 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍ റീഡര്‍ സവിശേഷതയാണ്. ബില്‍റ്റ് ഇന്‍ സ്റ്റുഡിയോ മൈക്കുകള്‍, ഒമ്‌നിസോണിക് സ്പീക്കറുകള്‍, ഡോള്‍ബി ഓഡിയോ, 720പി എച്ച്ഡി കാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.