മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി രണ്ടാം ഘട്ട ബുക്കിംഗ് ആരംഭിച്ചു
1 min readപൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു
ഇക്യുസി 400 എന്ന പവര്‍ട്രെയ്ന്‍ വേരിയന്റിലാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്നത്. മുന്‍, പിന്‍ ആക്സിലുകളില്‍ ഓരോന്നുവീതം ആകെ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ടായിരിക്കും. ഇതോടെ ഓള്‍ വീല്‍ ഡ്രൈവ് സജ്ജമാണ് ഇക്യുസി. 80 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് കരുത്തേകുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 450 മുതല്‍ 471 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറുകള്‍ ആകെ 402 ബിഎച്ച്പി കരുത്തും 765 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 5.1 സെക്കന്‍ഡ് മതി. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തി.
മെഴ്സേഡസ് ബെന്‍സ് ജിഎല്‍സി മിഡ് സൈസ് എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഇക്യുസി നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ജിഎല്‍സിയുടെ അതേ ഛായാരൂപം ലഭിച്ചു. എന്നാല്‍ സ്റ്റൈലിംഗ് പരിഗണിക്കുമ്പോള്‍, മറ്റേതൊരു മെഴ്സേഡസ് എസ്യുവിയേക്കാള്‍ വളരെ വ്യത്യസ്തമാണ് ഇക്യുസി. മുന്നില്‍ മള്‍ട്ടി സ്ലാറ്റ് ഗ്രില്ലിന് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘യു’ ആകൃതിയില്‍ ക്രോം ചുറ്റ് നല്‍കി. ഹെഡ്ലാംപുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും എല്‍ഇഡിയാണ്. ഹെഡ്ലാംപുകള്‍ക്കുള്ളില്‍ നീലനിറ സാന്നിധ്യം കാണാം. കൂടാതെ, മുന്നിലെ ഫെന്‍ഡറിനു മുകളിലെ ഇക്യുസി ബാഡ്ജ് നീല നിറത്തിലാണ്. എസ്യുവിയുടെ വൈദ്യുത സ്വഭാവം വിളിച്ചോതുംവിധം വലിയ അലോയ് വീലുകളിലും നീല കാണാം. പിറകില്‍ സ്ലീക്ക് റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ നല്‍കി. ഒരു എല്‍ഇഡി സ്ട്രിപ്പ് വഴി ടെയ്ല്‍ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചു.
മെഴ്സേഡസ് ബെന്‍സിന്റെ സവിശേഷ പ്രീമിയം ഫിറ്റ് ആന്‍ഡ് ഫിനിഷ്, ആഡംബരപൂര്‍ണ സോഫ്റ്റ് ടച്ച് മെറ്റീരിയല്‍, സ്മാര്‍ട്ട് ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇക്യുസിയുടെ കാബിന്‍. 12.3 ഇഞ്ച് വലുപ്പമുള്ള ഇരട്ട സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ഏറ്റവും ആകര്‍ഷകം. ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫൊടെയ്ന്‍മെന്റ് ആവശ്യങ്ങള്‍ക്ക് ഈ ഡിസ്പ്ലേകള്‍ ഉപയോഗിക്കാം. ‘മെഴ്സേഡസ് മീ’ സഹിതം ഏറ്റവും പുതിയ എംബിയുഎക്സ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. നിരവധി കണക്റ്റഡ് കാര്‍ ഫംഗ്ഷനുകള്‍, വോയ്സ് കമാന്‍ഡ് ഫീച്ചറുകള്‍ എന്നിവ സമ്മാനിക്കുന്നതാണ് എംബിയുഎക്സ്. മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം സൗകര്യപ്രദമാണ്. മറ്റ് ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് സെന്റര്‍ കണ്‍സോളില്‍ ടച്ച്പാഡ് നല്‍കി. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് ഫംഗ്ഷന്‍ സഹിതം ക്രമീകരിക്കാവുന്ന സീറ്റുകള്‍ (പവേര്‍ഡ്), ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
സുരക്ഷയുടെ കാര്യത്തില്‍, ഏഴ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി. കൂടാതെ നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും സുരക്ഷയേകും.