ഇ ക്ലാസ് ഓള്‍ ടെറെയ്ന്‍ നിര്‍ത്തി ?
ഇന്ത്യയില്‍ ഇ ക്ലാസിന്റെ കൂടെ ഓള്‍ ടെറെയ്ന്‍ വേര്‍ഷന്‍ കൂടി വില്‍പ്പന നടത്തിയിരുന്നു
ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ലക്ഷ്വറി സെഡാന്റെ ഏറ്റവും പുതിയ പതിപ്പ് ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനുമുമ്പ്, ഇന്ത്യയില്‍ ഇ ക്ലാസിന്റെ കൂടെ ഓള്‍ ടെറെയ്ന്‍ വേര്‍ഷന്‍ കൂടി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ക്രോസ് എസ്‌റ്റേറ്റ് വേര്‍ഷന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
സിബിയു രീതിയില്‍ പൂര്‍ണമായി നിര്‍മിച്ചശേഷം ഓള്‍ ടെറെയ്ന്‍ വേര്‍ഷന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ത്യയിലെ പ്രായോഗിക ലക്ഷ്വറി വാഗണ്‍ മോഡലായിരുന്നു മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഓള്‍ ടെറെയ്ന്‍. 640 ലിറ്ററാണ് ബൂട്ട് ശേഷി. പിന്‍ നിരയിലെ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,800 ലിറ്ററായി വര്‍ധിക്കും. തുകല്‍ സീറ്റുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍ എന്നിവയും ഫീച്ചറുകളാണ്.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. 194 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. 4മാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം നല്‍കി. വോള്‍വോ വി90 ക്രോസ് കണ്‍ട്രി ആയിരുന്നു എതിരാളി.