September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒറ്റപ്പെടല്‍ പുരുഷന്മാരില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

1 min read

ഒറ്റപ്പെടല്‍ മൂലം സമൂഹത്തില്‍ പുകവലക്കുന്നവരുടെയും അമിതവണ്ണമുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു

മധ്യവയസ്‌കരായ പുരുഷന്മാര്‍ക്കിടയിലെ ഒറ്റപ്പെടല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫിന്‍ലന്‍ഡ് സര്‍വ്വകലാശാല ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. ഒറ്റപ്പെടല്‍  പുകവലി, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതിനാലാണ് പിന്നീട് കാന്‍സറിനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ കണ്ടെത്തലുകള്‍ പരിഗണിച്ച് സമഗ്ര ആരോഗ്യ സംരക്ഷണത്തിലും രോഗ പ്രതിരോധത്തിലും ഒറ്റപ്പെടലിനും സാമൂഹിക ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കണമെന്നാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്.

സമൂഹത്തില്‍ പുകവലിയും അമിതവണ്ണം വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് ഒറ്റപ്പെടല്‍. ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തര ശ്രദ്ധ നല്‍കണമെന്നാണ് തങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡിലെ പ്രൊജക്ട് റിസര്‍ച്ചറായ സിരി-ലിസി ക്രാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 1980കളില്‍ ആരംഭിച്ച പഠനം 2,570 മധ്യവയസ്‌കരായ പുരുഷന്മാരെ കേന്ദ്രീകരിച്ചാണ് നടന്നത്. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അനുസരിച്ച് അവരുടെ ആരോഗ്യവും മരണ നിരക്കുമെല്ലാം ഗവേഷകര്‍ കൃത്യമായി രേഖപ്പെടുത്തിവെച്ചു. ഇവരില്‍ 649 പേര്‍ക്ക്, അതായത് 25 ശതമാനം ആളുകള്‍ക്ക് പിന്നീട് കാന്‍സര്‍ ഉണ്ടായി. 283 പേര്‍ (11 ശതമാനം) കാന്‍സര്‍ മൂലം മരണപ്പെട്ടു.

പത്ത് ശതമാനം ആളുകളില്‍ ഒറ്റപ്പെടല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചതായി ഗവേഷകര്‍ കണ്ടെത്തി. പ്രായം, സാമൂഹിക- സാമ്പത്തിക സ്ഥിതി, ജീവിത ശൈലി, ഉറക്കം, ഡിപ്രഷന്‍ ലക്ഷണങ്ങള്‍, ശരീര ഭാരവും ഉയരവും തമ്മിലുള്ള അനുപാതം (ബിഎംഐ), ഹൃദ്രോഗം, തുടങ്ങിയവയൊന്നും ഒറ്റപ്പെടലും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്നില്ലെന്നും ഗവേഷകര്‍ മനസിലാക്കി. കാന്‍സര്‍ മൂലമുള്ള മരണനിരക്ക് കൂടുതല്‍ വിവാഹം കഴിക്കാത്തവരിലും പങ്കാളികള്‍ മരിച്ചവരിലും വിവാഹമോചിതരിലുമാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ഒറ്റപ്പെടല്‍ ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികളെ കുറിച്ചുള്ള തെളിവുകള്‍ അനുദിനം വര്‍ധിച്ച് വരികയാണ്. അതിനാല്‍ എങ്ങനെയാണ് ഒറ്റപ്പെടല്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതെന്നതില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Maintained By : Studio3