December 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ക്ക് ലിസ്‌റ്റോസെല്ല പുതിയ ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി

ഗുണ്ടര്‍ ബുട്‌ഷെക്കിന് പകരമാണ് ടാറ്റ മോട്ടോഴ്‌സിന്റെ തലപ്പത്ത് മാര്‍ക്ക് ലിസ്റ്റോസെല്ല വരുന്നത്.


മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായി മാര്‍ക്ക് ലിസ്റ്റോസെല്ലയെ നിയമിച്ചു. ജൂലൈ ഒന്നിന് പുതിയ സിഇഒ ആന്‍ഡ് എംഡി ചുമതലയേല്‍ക്കും. ഗുണ്ടര്‍ ബുട്‌ഷെക്കിന് പകരമാണ് ടാറ്റ മോട്ടോഴ്‌സിന്റെ തലപ്പത്ത് മാര്‍ക്ക് ലിസ്റ്റോസെല്ല വരുന്നത്. കരാര്‍ കാലാവധി കഴിഞ്ഞതോടെ വ്യക്തിപരമായ കാരണങ്ങളാല്‍ ജര്‍മനിയിലേക്ക് തിരിച്ചുപോകാന്‍ ബുട്‌ഷെക് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ സിഇഒ ആന്‍ഡ് എംഡി സ്ഥാനത്ത് ഗുണ്ടര്‍ ബുട്‌ഷെക് തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടാറ്റ മോട്ടോഴ്‌സിനെ നയിച്ച ഗുണ്ടര്‍ ബുട്‌ഷെക് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ കാലാനുസൃതമായ പരിവര്‍ത്തനത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു.

  മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി

ഫൂസോ ട്രക്ക് ആന്‍ഡ് ബസ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ആന്‍ഡ് സിഇഒ, ഡൈംമ്‌ലര്‍ ട്രക്ക്‌സ് ഏഷ്യ വിഭാഗം മേധാവി എന്നീ നിലകളിലാണ് മാര്‍ക്ക് ലിസ്റ്റോസെല്ല ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്. നേരത്തെ ഡൈംമ്‌ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി ആന്‍ഡ് സിഇഒ ആയിരുന്നു.

മാര്‍ക്കിനെ ടാറ്റ മോട്ടോഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേറെയാണെന്ന് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഓട്ടോമോട്ടീവ് ബിസിനസ് രംഗത്തെ പരിചയസമ്പന്നനായ നേതാവാണ് മാര്‍ക്ക് ലിസ്റ്റോസെല്ലയെന്നും വാണിജ്യ വാഹന മേഖലയില്‍ അഗാധമായ അറിവും വൈദഗ്ധ്യവുമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ പ്രവര്‍ത്തിച്ച പരിചയവും മാര്‍ക്കിന് അവകാശപ്പെടാനുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ ബിസിനസ്സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ മാര്‍ക്കിന് കഴിയുമെന്ന് എന്‍ ചന്ദ്രശേഖരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് നാളെ തുടക്കം

ടാറ്റ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് മാര്‍ക്ക് ലിസ്‌റ്റോസെല്ല പ്രതികരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യാ ബന്ധം തുടരുന്ന തനിക്കുമുന്നില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ സാധ്യതകളെ ഒരുമിച്ച് കണ്ടെത്തുമെന്ന് മാര്‍ക്ക് ലിസ്റ്റോസെല്ല പറഞ്ഞുനിര്‍ത്തി.

Maintained By : Studio3