തന്ത്രം മെനയുന്നു ഓഹരി വിറ്റഴിക്കലില്‍ കണ്ണുനട്ട് മൈനിംഗ് രാജാവ്
1 min read-
പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലില്‍ നേട്ടം കൊയ്യാന്‍ അനില്‍ അഗര്‍വാള്‍
-
ഇതിനായി 10 ബില്യണ്‍ ഡോളറിന്‍റെ ഫണ്ട് രൂപീകരിക്കും
-
യുകെയിലെ സെന്‍ട്രിക്കസുമായി ചേര്‍ന്നാണ് പുതിയ പദ്ധതി
ന്യൂഡെല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ നിര്‍മല സീതാരാമന്‍ ഏറ്റവുമധിക ഊന്നല്‍ നല്‍കിയത് സ്വകാര്യവല്‍ക്കരണത്തിനാണ്. പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് വരുമാനം കൂട്ടാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതൊരു അവസരമായി കണ്ട് തന്ത്രങ്ങള്‍ മെനയുകയാണ് മൈനിംഗ് രാജാവ് അനില്‍ അഗര്‍വാള്‍. ഇന്ത്യന്‍ പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ അത് തനിക്ക് നേട്ടമാക്കാനായി 10 ബില്യണ്‍ ഡോളറിന്‍റെ ഫണ്ട് രൂപീകരിക്കുമെന്ന് അനില്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി.
ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍ട്രിക്കസ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് 10 ബില്യണ്‍ ഡോളറിന്‍റെ ഫണ്ട് അനില്‍ അഗര്‍വാള്‍ സമാഹരിക്കുന്നത്. പ്രമുഖ മൈനിംഗ് കമ്പനിയായ വേദാന്ത റിസോഴ്സസിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍മാനാണ് അനില്‍ അഗര്‍വാള്‍.
10 ബില്യണ്‍ ഡോളറിന്‍റെ ഫണ്ട് രൂപീകരിക്കുന്നതിനായി സെന്‍ട്രിക്കസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഇതുപയോഗിച്ച് പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലില്‍ നിക്ഷേപം നടത്തും-അനില്‍ വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ ഓഹരി വിറ്റഴിക്കലിന് വലിയ പ്രാധാന്യം നല്‍കിയതില്‍ അതിയായ സന്തോഷമുണ്ട്. അതില്‍ ഞങ്ങള്‍ പങ്കാളികളാകും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാകും വേദാന്ത മറ്റ് കമ്പനികളെ ഏറ്റെടുക്കുകയെന്നാണ് സൂചന. ഹിന്ദുസ്ഥാന്‍ സിങ്ക്, ഭാരത് അലുമിനിയം കമ്പനി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരത്തെ വേദാന്ത വലിയ തോതില്‍ ഓഹരി നിക്ഷേപം നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ കോപ്പറിനെയും സ്വകാര്യവല്‍ക്കരിക്കണമെന്നാണ് അനിലിന്‍റെ ആഗ്രഹം. ഇന്ത്യയിലെ ഏക കോപ്പര്‍ നിര്‍മാണ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ കോപ്പര്‍. ആ സ്ഥാപനത്തിന്‍റെ വളര്‍ച്ച മറ്റൊരു തലത്തിലാകണമെന്ന രീതിയിലായിരുന്നു നേരത്തെ അനില്‍ അഗര്‍വാളിന്‍റെ പ്രസ്താവന.