കടപ്പത്രങ്ങള്‍ പുറത്തിറക്കാനൊരുങ്ങി മണപ്പുറം ഫിനാന്‍സ്
മുംബൈ: കടപ്പത്രങ്ങളള്‍ പുറത്തിറക്കുന്ന കാര്യം തങ്ങളുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഈ മാസം പരിഗണിച്ചേക്കും എന്നും അനുമതി നല്‍കിയേക്കും എന്നും മണപ്പുറം ഫിനാന്‍സ്. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഓണ്‍ഷോര്‍ അല്ലെങ്കില്‍ ഓഫ്ഷോര്‍ സെക്യൂരിറ്റീസ് വിപണികളില്‍ പൊതു അവതരണം വഴിയോ സ്വകാര്യ പ്ലെയ്സ്മെന്‍റ് അടിസ്ഥാനത്തിലോ കടപ്പത്രങ്ങള്‍ പുറത്തിറക്കുക, വാണിജ്യ പേപ്പറുകള്‍ പുറത്തിറക്കുക എന്നീ വിവിധ മാര്‍ഗങ്ങളിലൂടെ ധന സമാഹരണം നടത്തുന്നത് പരിഗണനയിലാണെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
‘കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡോ ഡയറക്ടര്‍ ബോര്‍ഡിന്‍റെ ഫിനാന്‍ഷ്യല്‍ റിസോഴ്സസ് ആന്‍റ് മാനേജ്മെന്‍റ് കമ്മിറ്റിയോ ഡിബഞ്ചര്‍ കമ്മിറ്റിയോ, നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 2021 മാര്‍ച്ച് മാസത്തില്‍ ഡെറ്റ് സെക്യൂരിറ്റികളുടെ ഇഷ്യു പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യാം,’ ഫയലിംഗില്‍ പറയുന്നു.
ഡെറ്റ് സെക്യൂരിറ്റികളുടെ ഇഷ്യു വില ഉള്‍പ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ചും ബോര്‍ഡോ ബന്ധപ്പെട്ട കമ്മിറ്റിയോ ഉചിതമായ തീരുമാനം എടുക്കുമെന്നും കമ്പനി അറിയിച്ചു