Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിജെപിയെ പ്രതിരോധിക്കാന്‍ സാര്‍വത്രിക വരുമാന പദ്ധതിയുമായി മമത

1 min read

കൊല്‍ക്കത്ത: ബംഗാള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാര്‍വത്രിക വരുമാന പദ്ധതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ തയ്യാറാക്കിയ പ്രകടനപത്രികയില്‍നിന്നും വ്യക്തമായ മാറ്റം ഇതില്‍ കാണാന്‍ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് തടയിടണമെങ്കില്‍ ജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സഹായങ്ങള്‍ ചെയ്യേണ്ടിവരും എന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ടായി എന്നു വ്യക്തം. കാളിഘട്ടിലെ തന്‍റെ ഔദ്യോഗിക വസതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുറത്തിറക്കിയ പ്രകടനപത്രിക ഈ തിരിച്ചറിലിന് നേര്‍സാക്ഷ്യമാണ്.

ഈ പദ്ധതി പ്രകാരം പൊതു വിഭാഗത്തിലെ നിരാലംബരും ദുര്‍ബലരുമായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 500 രൂപ കൈമാറും. പട്ടികവര്‍ഗ, പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപ അല്ലെങ്കില്‍ 12,000 രൂപയാണ് നല്‍കുക. ജനങ്ങളെ സഹായിക്കുന്നതിന്‍റെ ഭാഗമായി ആദ്യം ബംഗാളിലെ ഓരോ കുടുംബത്തിനും മിനിമം അടിസ്ഥാന വരുമാനം വര്‍ധിപ്പിക്കുമെന്നും

പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി മമത പറഞ്ഞു. ‘ഈ പദ്ധതി പ്രകാരം 1.6 കോടി യോഗ്യതയുള്ള ജനറല്‍ കാറ്റഗറി കുടുംബങ്ങള്‍ക്ക് പ്രതിമാസം 500 രൂപ ക്യാഷ് ട്രാന്‍സ്ഫര്‍ നല്‍കും. എസ്സി / എസ്ടി വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപ ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യും. വനിതാ കുടുംബനാഥകള്‍ക്കാണ് പണം കൈമാറ്റം നടത്തുക’പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്താമെന്നും ടിഎംസി മാനിഫെസ്റ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബംഗാളിലെ കര്‍ഷകര്‍ക്ക് പിഎം-കിസാന്‍ ഗ്രാന്‍റുകള്‍ ലഭിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളെ പ്രതിരോധിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമമാണിത്.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ഉറപ്പാക്കുന്ന 2018 ഡിസംബറില്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയില്‍ നിന്നും 2021 ല്‍ പുറത്തിറക്കിയ രേഖ തികച്ചും വ്യത്യസ്തമാണ്. അതിനുമുമ്പുള്ള അഞ്ചുവര്‍ഷത്തെ സര്‍ക്കാരിന്‍റെ നേട്ടങ്ങളില്‍ 2016ലെ പ്രകടന പത്രിക ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ പ്രധാന ക്യാഷ് ബെനിഫിറ്റ് സ്കീമുകളുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവുമില്ലാല്ലായിരുന്നു. പ്രകടന പത്രികയ്ക്ക് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിച്ചുവെന്ന് പറഞ്ഞ മമത, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്രെഡിറ്റ് കാര്‍ഡും പ്രഖ്യാപിച്ചു. “യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനായി വരും ദിവസങ്ങളില്‍ പുതിയ വിദ്യാര്‍ത്ഥി ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഏര്‍പ്പെടുത്തും,” മുഖ്യമന്ത്രി പറഞ്ഞു. ഈ ക്രെഡിറ്റ് കാര്‍ഡിന് 10 ലക്ഷം രൂപ ക്രെഡിറ്റ് പരിധി ഉണ്ടായിരിക്കും, പലിശനിരക്ക് 4 ശതമാനം മാത്രം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതാപിതാക്കളെ ആശ്രയിക്കേണ്ടതില്ലാത്തവിധം എളുപ്പത്തില്‍ തിരിച്ചടയ്ക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കും. ആദ്യ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവ് പറഞ്ഞു.

‘വനിതാ വോട്ടര്‍മാരെ സാമ്പത്തികമായി സഹായിക്കാനും പാര്‍ട്ടി ശ്രമിച്ചു. ദിദി അവരെക്കുറിച്ച് ചിന്തിച്ചു. വീട്ടിലെ സ്ത്രീകള്‍ക്ക് സ്വയം കുറച്ച് സമ്പാദ്യം ഉണ്ടായിരിക്കണമെന്ന് ദീദി പറഞ്ഞു. അതിനാല്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് പണം നേടാനുള്ള അവസരം ഒരുക്കും, “പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുതിര്‍ന്ന തൃണമൂല്‍ നേതാവ് പറഞ്ഞു. ബംഗാളില്‍ ഇത്തവണ 49 ശതമാനം വനിതാ വോട്ടര്‍മാരുണ്ട്. ക്യാഷ് സ്കീമുകള്‍ക്ക് പുറമെ എല്ലാ വീടുകളിലും റേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖാദിയ സതി സ്കീമിന് കീഴിലുള്ള പുതിയ സൗകര്യം 1.5 കോടി കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ പ്രതിമാസ റേഷന്‍ ലഭ്യമാകുന്നതിന് സഹായിക്കും.

 

Maintained By : Studio3