എയിംസ് പ്രീമിയം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മാണം ആരംഭിക്കും: സ്റ്റാലിന്‍
1 min readചെന്നൈ: അധികാരത്തിലെത്തിയാല്‍ മധുരയിലെ തോപ്പൂരില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രീമിയം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മാണം ആരംഭിക്കുമെന്ന് ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിന്‍. മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ലാണ് പ്രീമിയം മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രഖ്യാപനം നടക്കുന്നത്. എന്നാല്‍ 2019ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാത്രമാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു. മധുരയിലെ തോപ്പൂരില്‍ എയിംസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ പാണ്ഡ്യരാജപുരം, അലങ്കനല്ലൂര്‍ എന്നിവിടങ്ങളിലെ ദേശീയ സഹകരണ പഞ്ചസാര മില്ലുകള്‍ വീണ്ടും തുറക്കും.നാഥം നിയോജകമണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് എഐഎഡിഎംകെയുടെ നാഥന്‍ ആര്‍ വിശ്വനാഥനെതിരെയും സ്റ്റാലിന്‍ ആഞ്ഞടിച്ചു. നാഥന്‍ ആര്‍. വിശ്വനാഥനെതിരെ സമാനമായ ആരോപണത്തിനെതിരെ എ.ഐ.എ.ഡി.എം.കെ മേധാവിയായി ജെ.ജയലളിത നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനെതിരെ ഡിഎംകെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.