Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബന്ദോപാധ്യായയെ വിട്ടുതരാനാവില്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയുടെ മാറ്റം; മമത മോദിക്ക് കത്തെഴുതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായയുടെ സ്ഥലം മാറ്റം സംബന്ധിച്ചിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൊമ്പുകോര്‍ക്കുന്നു. ന്യൂഡെല്‍ഹിയിലെ ‘പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്‍റില്‍’ റിപ്പോര്‍ട്ട് ചെയ്യാനാണ് ബന്ദോപാധ്യായയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി മമതാ ബാനര്‍ജി തള്ളിക്കളഞ്ഞു.സംസ്ഥാനം ബന്ദോപാധ്യായയെ റിലീവ് ചെയ്യില്ലെന്ന നിലപാട് അവര്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതി.

കോവിഡ് പ്രതിസന്ധിയുടെ സമയത്തും യാസ് ചുഴലിക്കാറ്റിനുശേഷവും ബന്ദോപാധ്യായയ്ക്ക് ഭരണത്തിന്‍റെ തലപ്പത്ത് തുടരാനായി തിരിച്ചുവിളിക്കാനുള്ള കത്ത് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘തീരുമാനം പിന്‍വലിക്കാനും തിരിച്ചുവിളിക്കാനുള്ള നീക്കംസംബന്ധിച്ച് പുനര്‍വിചിന്തനം നടത്താനും പൊതു താല്‍പ്പര്യപ്രകാരം ഏറ്റവും പുതിയ ഓര്‍ഡര്‍ റദ്ദാക്കാനും ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു’കത്തില്‍ അവര്‍ പറയുന്നു. “പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഈ നിര്‍ണായക സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയക്കാനാവില്ല. ഏറ്റവും പുതിയ ഉത്തരവ് ബാധകമായ നിയമങ്ങളുടെ ലംഘനത്തിലും പൊതുതാല്‍പര്യത്തിന് വിരുദ്ധവുമാണ്: ഇത് ഏത് സാഹചര്യത്തിലും അസാധുവാണ്,” മുഖ്യമന്ത്രി എഴുതി. ‘ഈ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കേന്ദ്രത്തില്‍നിന്നും ആത്മാര്‍ത്ഥമായി സഹകരണം സംസ്ഥാനം പ്രതീക്ഷിക്കുന്നു. ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടുകള്‍ വരുത്തുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്‍റെ സേവനങ്ങള്‍, യാതൊരു ആലോചനയും കൂടാതെ, മുന്‍കൂട്ടി അറിയിക്കാതെ, ഈ സമയത്ത് പിന്‍വലിക്കരുത്”അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം എടുത്ത ഏകപക്ഷീയമായ തീരുമാനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രി, “ഏകപക്ഷീയമായ ഉത്തരവ് പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി യാതൊരു മുന്‍കൂട്ടി കൂടിയാലോചന നടത്താതെയും ഉദ്യോഗസ്ഥന്‍റെ യാതൊരു തീരുമാനവും പരിഗണിക്കാതെയുമായിരുന്നു. ഏകപക്ഷീയമായ ഉത്തരവ് നിയമപരമായി അംഗീകരിക്കാനാവില്ല, അത് പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവുമാണ്’. മെയ് 31 ന് കേന്ദ്രസര്‍ക്കാരില്‍ ചേരാന്‍ ബന്ദോപാധ്യായയോട് ആവശ്യപ്പെട്ട പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് എഴുതിയ കത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. മെയ് 31 നാണ് ബന്ദോപാധ്യായ വിരമിക്കേണ്ടിയിരുന്നത്, എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അദ്ദേഹത്തിന് മൂന്ന് മാസത്തെ കാലാവധി നീട്ടിനല്‍കിയിരുന്നു. ഇക്കാര്യവും മമത കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Maintained By : Studio3