2021-22ല്‍ 1600 കോടിയുടെ വിപുലീകരണ പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ്
1 min readഈ വര്‍ഷത്തെ 250ല്‍ നിന്ന് സ്റ്റോറുകളുടെ എണ്ണം 2023 ഓടെ 750 ആയി ഉയര്‍ത്താനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണിത്
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള പ്രമുഖരായ ജ്വല്ലറി റീട്ടെയ്ലര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പുതുതായി 56 സ്റ്റോറുകള്‍ തുറക്കാന്‍ 1,600 കോടി രൂപ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. 21-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലും വിദേശത്തുമായാണ് പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നത്. ഇന്ത്യയില്‍ തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ദില്ലി, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായി 40ഓളം ഔട്ട്ലെറ്റുകള്‍ മലബാര്‍ ഗോള്‍ഡ് തുറക്കും.
അന്താരാഷ്ട്ര വിപണികളായ സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലും ഔട്ട്ലെറ്റുകള്‍ തുറക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷത്തെ 250ല്‍ നിന്ന് സ്റ്റോറുകളുടെ എണ്ണം 2023 ഓടെ 750 ആയി ഉയര്‍ത്താനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണിത്. ‘ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഞങ്ങളുടെ വ്യത്യസ്ത സേവനങ്ങളും ഉല്‍പ്പന്ന വാഗ്ദാനങ്ങളും ഉപയോഗിച്ച് പുതിയ വിപണികളിലേക്ക് കടക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് റീട്ടെയ്ല്‍ വിപുലീകരണം,’ കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ശ്രദ്ധയുടെയും നല്ല മണ്‍സൂണിന്‍റെയും ഫലമായ ഗ്രാമീണ വിപണികളും ടയര്‍ -2, ടയര്‍ -3 പട്ടണങ്ങളും മഹാമാരിയുടെ കെടുതിയില്‍ നിന്ന് ശക്തമായി വീണ്ടെടുക്കുകയാണ്. അടുത്തിടെ നടന്ന ഉത്സവകാല വില്‍പ്പനയില്‍ നിന്ന് വസ്തുതകള്‍ ഉള്‍ക്കൊണ്ട് ജ്വവല്ലറി സേവനം അധികം എത്തിയിട്ടില്ലാത്ത ഈ മേഖലകളില്‍ എത്തുന്നതിന് വലിയ തോതില്‍ ഒരുങ്ങുന്നു, “മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു.
രാജ്യത്തെ റീട്ടെയില്‍ ബിസിനസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് വലിയ പിടിച്ചുകുലുക്കല്‍ നടത്തിയതിനു ശേഷം ഇപ്പോള്‍ നിരവധി വലിയ റീട്ടെയ്ലര്‍മാര്‍ വിപുലീകരണം ലക്ഷ്യം വെക്കുന്നുണ്ട്. കോവിഡ് കാലത്ത് ചെറിയ തലങ്ങളിലെ നിരവധി റീട്ടെയ്ലര്‍മാര്‍ ഷോപ്പുകള്‍ ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ കമ്പനികള്‍ പ്രൈം റിയല്‍ എസ്റ്റേറ്റിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്. ചെന്നൈ, ലഖ്നൗ, ഹൈദരാബാദ്, മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലും സ്മാള്‍ എലൂരു, മാഞ്ചേരിയല്‍, സോളാപൂര്‍, അഹമ്മദ്നഗര്‍ എന്നിവിടങ്ങളിലും ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ഇതിനകം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കുന്നു.