എവിടേക്കും പോകില്ല, മഹീന്ദ്ര മറാസോ തുടരും; എഎംടി വേര്‍ഷന്‍ ഉടന്‍
മഹീന്ദ്ര മറാസോ എംപിവി, മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി മൈക്രോ എസ്‌യുവി എന്നിവ വൈകാതെ നിര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു
മഹീന്ദ്ര മറാസോ എംപിവി, മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി മൈക്രോ എസ്‌യുവി എന്നിവ വൈകാതെ നിര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെയാണ് പുറത്തുവന്നത്. ആവശ്യകത കുറഞ്ഞതിനാല്‍ രണ്ട് മോഡലുകളും സമീപ ഭാവിയില്‍ വിപണി വിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മഹീന്ദ്ര മറാസോ എവിടേക്കും പോകില്ലെന്ന് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല, മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ (എംപിവി) എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) വേര്‍ഷന്‍ വൈകാതെ വിപണിയില്‍ അവതരിപ്പിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ഓട്ടോഷിഫ്റ്റ് ബാഡ്ജ് നല്‍കിയ മഹീന്ദ്ര മറാസോ എംപിവി പരീക്ഷണ ഓട്ടം നടത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു.
മറാസോ, കെയുവി 100 എന്നിവ തങ്ങളുടെ ഉല്‍പ്പന്ന നിരയിലെ അവിഭാജ്യ മോഡലുകളാണെന്ന് മഹീന്ദ്ര വ്യക്തമാക്കി. രണ്ട് മോഡലുകളുടെയും ബിഎസ് 6 പതിപ്പുകള്‍ പുറത്തിറക്കുന്നതിന് നിക്ഷേപം നടത്തിയിരുന്നു. കാലാകാലങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരിഷ്‌കരിക്കുന്നത് തുടരുകയാണെന്നും ഓട്ടോഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി മഹീന്ദ്ര മറാസോ വൈകാതെ വിപണിയിലെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചു.
ആഗോളതലത്തിലെ ഡിമാന്‍ഡ് കാരണം മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി മൈക്രോ എസ്‌യുവിയുടെ കയറ്റുമതി വര്‍ധിച്ചതായി മഹീന്ദ്ര പ്രസ്താവിച്ചു. കയറ്റുമതി ആവശ്യങ്ങള്‍ക്ക് മാത്രമായി എന്‍ട്രി ലെവല്‍ എസ്‌യുവി നിലനിര്‍ത്താനാണ് സാധ്യത. ഇതേ വാഹനത്തിന്റെ ഇലക്ട്രിക് വേര്‍ഷന്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷനും വിപണിയില്‍ അവതരിപ്പിക്കും.
2018 സെപ്റ്റംബറിലാണ് മഹീന്ദ്ര മറാസോ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആഭ്യന്തര വിപണിയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പീപ്പിള്‍ മൂവറാണ് മഹീന്ദ്ര മറാസോ. ഡി15 ഡീസല്‍ എന്‍ജിന്‍, മികച്ച ഡ്രൈവിംഗ് ശേഷികള്‍ എന്നിവ പ്രത്യേകതകളാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി എര്‍ട്ടിഗയുടെയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും ഇടയിലാണ് സ്ഥാനം. മറ്റ് എംപിവികള്‍ക്ക് വലിയ സ്വാതന്ത്ര്യം നല്‍കാതെ ഈ രണ്ട് മോഡലുകളാണ് അതാത് സെഗ്‌മെന്റുകള്‍ ഭരിക്കുന്നത്.
വരാനിരിക്കുന്ന മഹീന്ദ്ര മറാസോ എഎംടി ഉപയോഗിക്കുന്നത് നിലവിലെ അതേ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും. ഈ മോട്ടോര്‍ 3,500 ആര്‍പിഎമ്മില്‍ 121 ബിഎച്ച്പി കരുത്തും 1,750 നും 2,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. നിലവില്‍ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്.