October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സഭയിലേക്കുള്ള ആദ്യപ്രവേശത്തില്‍ തന്നെ സ്പീക്കര്‍ സ്ഥാനം

1 min read

എംബി രാജേഷ് നിയമസഭാ സ്പീക്കര്‍

തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷ് കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം മത്സരിക്കുന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. നിയമസഭയിലേക്കുള്ള ആദ്യപ്രവേശത്തില്‍ തന്നെ സ്പീക്കര്‍ സ്ഥാനം നേടി രാജേഷ് പുതുചരിത്രമാണ് എഴുതിയത്. നിയമസഭയില്‍ എത്തിയ ആദ്യഅവസരത്തില്‍ത്തന്നെ സ്പീക്കറായ രണ്ടുപേര്‍കൂടി ഉണ്ട്. ടിഎസ് ജോണും,എസി ജോസും.എന്നാല്‍ അവര്‍ തങ്ങളുടെ ടേമിന്‍റെ അവസാനമാണ് ഈ പദവിയിലേക്കെത്തിയത്.

140 അംഗ നിയമസഭയില്‍ സിപിഐ-എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് 99 നിയമസഭാ സാമാജികരുണ്ടെന്നതിനാല്‍ രാജേഷിന്‍റെ വിജയം ഉറപ്പിച്ചതായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ പി സി വിഷ്ണുനാഥായിരുന്നു. ആദ്യ സെഷന്‍റെ രണ്ടാം ദിവസം ഹാജരായ നിയമസഭാംഗങ്ങള്‍ രാവിലെ 9 മുതല്‍ വോട്ടരേഖപ്പെടുത്തി.രാജേഷിന് 96 വോട്ടും വിഷ്ണുനാഥ് 40 വോട്ടും നേടി.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രോ-ടേം സ്പീക്കര്‍ പി.ടി.എ. റഹിം എന്നിവര്‍ രാജേഷിനെ സ്പീക്കറിന്‍റെ ഇരിപ്പടത്തിലേക്ക് നയിച്ചു. അദ്ദേഹം സ്പീക്കറുടെ പദവിക്ക് തികച്ചും അനുയോജ്യനാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു ദശാബ്ദക്കാലം ലോക്സഭാ എംപിയായിരുന്ന രാജേഷിന്‍റെ അനുഭവസമ്പത്ത് സഭയുടെ നടത്തിപ്പിന് തീര്‍ച്ചയായും സഹായകമാകുമെന്നും പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞു. ‘എന്നിരുന്നാലും, കഴിഞ്ഞ ദിവസം നിങ്ങള്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന, ചില കാരണങ്ങളാല്‍ ഞങ്ങളെ വേദനിപ്പിച്ചു. നിങ്ങള്‍ അതില്‍ ഏര്‍പ്പെടുകയാണെങ്കില്‍, ഞങ്ങള്‍ അതേ രീതിയില്‍ പ്രതികരിക്കേണ്ടിവരും’ സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാജേഷിന്‍റെ വിജയത്തെ അഭിനന്ദിച്ച് മറ്റ് പല നേതാക്കളും സംസാരിച്ചു.

“വര്‍ഷങ്ങളായി ഈ നിയമസഭ ഒരു മാതൃകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഞങ്ങള്‍ ആ പാതയില്‍ തുടരും. പിഴവ് സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, ഉയര്‍ന്ന നിലവാരം ഞങ്ങള്‍ തുടര്‍ന്നും പ്രദര്‍ശിപ്പിക്കും. ഞാന്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കും, എന്നാല്‍ അത് ഈ കസേരയുടെ അന്തസ്സിനെ ഒട്ടും ബാധിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു, “രാജേഷ് പറഞ്ഞു.
വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന രാജേഷ് ഒരു ബിരുദാനന്തര ബിരുദധാരിയും നിയമ ബിരുദധാരിയുമാണ്. രണ്ട് തവണ പാലക്കാട് ലോക്സഭാ അംഗമായി, എന്നാല്‍ ഹാട്രിക് വിജയം നേടാനുള്ള ശ്രമത്തില്‍, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

Maintained By : Studio3