ലോക്ക്ഡൗണ്‍: ആരാധനാലയങ്ങള്‍ തുറക്കാം; മറ്റ് നിയന്ത്രണങ്ങള്‍ തുടരും
1 min readടെസ്റ്റ് പോസിറ്റിവിറ്റി 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനും നിശ്ചയിച്ചിട്ടുണ്ട്
തിരുവനന്തപുരം: കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലെ ആരാധനാലയങ്ങളാണ് കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഒരേ സമയം പരമാവധി പതിനഞ്ച് പേര്‍ക്കു മാത്രമാണ് പ്രവേശനം നല്‍കുക.
ടെസ്റ്റ് പോസിറ്റിവിറ്റി 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനും നിശ്ചയിച്ചിട്ടുണ്ട്. ടിപിആര്‍ അനുസരിച്ച് 4 മേഖലകളായി തിരിച്ചാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളത്. പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗത്തില്‍ വരുന്നു. ഇവിടെ താരതമ്യേന നിയന്ത്രണങ്ങള്‍ കുറവാണ്., എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മറ്റു മേഖലകള്‍.
രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ സാമുദായിക സംഘടനകളും പ്രതിപക്ഷവും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മൊത്തം ടിപിആര്‍ 10 ശതമാനത്തില്‍ താഴെ സ്ഥിരത പ്രകടമാക്കിയ ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാം എന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഈ ആവശ്യം ശക്തമായി ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ 12,617 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 10.72 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ടിപിആര്‍ 10ന് താഴേക്ക് എത്തിയെങ്കിലും പരിശോധനകളിലെ കുറവാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ടിപിആര്‍ വലിയ തോതില്‍ താഴേക്ക് വരുന്നില്ലാ എന്നതും കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുന്നതില്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്.
ഇനി അടുത്ത ചൊവ്വാഴ്ചയാകും എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും വിവരങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല അവലോകന യോഗം നടക്കുക. ഒരാഴ്ചയിലെ രോഗ വ്യാപനത്തിന്‍റെ തോത് വിലയിരുത്തിയ ശേഷമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകൂ.