എല്‍ഐസി ഐപിഒ ഒക്‌റ്റോബറിനു ശേഷം
1 min readന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്‌റ്റോബറിനു ശേഷം നടത്താനാണ് പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി, എയര്‍ ഇന്ത്യ, ബിപിസിഎല്‍ മുതലായ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിര്‍ദിഷ്ട ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
‘എല്‍ഐസി ഭേദഗതി നിയമവും ഐഡിബിഐ ബാങ്ക് ആക്റ്റിന്റെ ഭേദഗതിയും ധനകാര്യ ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രത്യേക ബില്‍ ഉണ്ടാകില്ല. എല്‍ഐസി ഐപിഒ ഒക്ടോബറിന് ശേഷം വരും, ”പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
2002ല്‍ ഐഡിബിഐ ബാങ്ക് രൂപീകരിക്കപ്പെട്ടപ്പോള്‍ ഐഡിബിഐ റിപ്പീല്‍ ആക്റ്റിന് കീഴിലാണ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ലൈസന്‍സും അനുവദിച്ചത്. അതിനാല്‍ ഓഹരി വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍ ലൈസന്‍സ് തുടരുന്നതിന് റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് ധനകാര്യ നിയമത്തിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു എന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
2021-22 ലെ ബജറ്റ് 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 32,000 കോടി രൂപയാണ്. 1 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നതിലൂടെയും 75,000 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളുടെ വില്‍പ്പനയിലൂടെയും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.