എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 2,334.69 കോടി സമാഹരിക്കും
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എല്‍ഐസി) മുന്‍ഗണനാടിസ്ഥാനത്തില്‍ ഇക്വിറ്റി ഷെയറുകള്‍ നല്‍കിക്കൊണ്ട് 2,334.69 കോടി രൂപ സമാഹരിക്കാന്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പദ്ധതിയിടുന്നു. 514.25 രൂപയ്ക്ക് 4.54 കോടി ഇക്വിറ്റി ഓഹരികള്‍ എല്‍ഐസിക്ക് നല്‍കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.
ഇടപാടിന ശേഷം കമ്പനിയില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 45.24 ശതമാനമായി ഉയരും. നേരത്തേയത് 40.31 ശതമാനം ആയിരുന്നു. ജൂലൈ 19ന് നടക്കുന്ന അസാധാരണ പൊതുയോഗത്തില്‍, നിര്‍ദ്ദിഷ്ട മുന്‍ഗണനാ ഓഹരികളുടെ കൈമാറ്റത്തിനായി ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് മറ്റൊരു റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.
മൂലധന സമാഹരണം പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്‍റെ ഓഹരികള്‍ വിപണിയില്‍ മുന്നേറി. ബിഎസ്ഇയിലെ കമ്പനിയുടെ ഓഹരികള്‍ 468.65 രൂപയായി. വായ്പാ വിതരണം കാര്യക്ഷമമാക്കിന്നതിന് പുതിയ സമാഹരണം കമ്പനി വിനിയോഗിക്കുമെന്നാണ് വിവരം.