ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ ഇന്ത്യയില്‍
എക്‌സ് ഷോറൂം വില 3.54 കോടി രൂപ മുതല്‍
ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹുറാകാന്‍ ഇവോയുടെ ഓപ്പണ്‍ ടോപ്പ് റിയര്‍ വീല്‍ ഡ്രൈവ് വകഭേദത്തിന് 3.54 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ആഗോള അരങ്ങേറ്റം നടത്തിയിരുന്നു. ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി കൂപ്പെയുടെ വില്‍പ്പന ഇന്ത്യയില്‍ നേരത്തെ ആരംഭിച്ചിരുന്നു. സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ ഈ രണ്ട് മോഡലുകളും സമാനമാണ്. എന്നാല്‍ ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ വകഭേദത്തിന് പുതിയ ഇന്റേണല്‍ എന്‍ജിന്‍ ഘടകങ്ങള്‍, ഇലക്ട്രോണിക് ഫീച്ചറുകള്‍ തുടങ്ങിയവ ലഭിച്ചു. ‘ബ്ലു സിഡേറിസ്’ കളര്‍ ഓപ്ഷന്‍ ലഭിച്ചതാണ് വിപണി അവതരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമെത്തിയ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍.
ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി കൂപ്പെ, ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ വകഭേദങ്ങള്‍ തമ്മില്‍ കാഴ്ച്ചയില്‍ സമാനമാണ്. ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രണ്ട് മോഡലുകള്‍ക്കും ശ്രദ്ധേയമായ സ്‌റ്റൈലിംഗ് വ്യത്യാസങ്ങള്‍ ലഭിച്ചു. മുന്നില്‍ പുതിയ സ്പ്ലിറ്റര്‍, പിറകില്‍ ഒന്നാന്തരം ഡിഫ്യൂസര്‍, പിറകില്‍ പുതിയ ബംപര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വ്യത്യാസങ്ങള്‍. ഡ്രാഗ് പരമാവധി കുറയ്ക്കുംവിധമാണ് രൂപകല്‍പ്പന. എയ്‌റോഡൈനാമിക് ക്ഷമതയും ഡൗണ്‍ഫോഴ്‌സും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പിറകിലെ ഡിഫ്യൂസര്‍.
ഘടനാപരമായ മെച്ചപ്പെടുത്തലുകളും ഉള്ളിലേക്ക് മടക്കാവുന്ന റൂഫിന് ഹൈഡ്രോളിക് സംവിധാനവും നല്‍കിയതോടെ ആര്‍ഡബ്ല്യുഡി കൂപ്പെ വേര്‍ഷനേക്കാള്‍ ആര്‍ഡബ്ല്യുഡി സ്‌പൈഡറിന്റെ ആകെ ഭാരം ഏകദേശം 120 കിലോഗ്രാം വര്‍ധിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വെറും 17 സെക്കന്‍ഡിനുള്ളില്‍ സോഫ്റ്റ് ടോപ്പ് ഉയര്‍ത്താനോ ഉള്ളിലേക്ക് മടക്കാനോ കഴിയും. അലുമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചുള്ള ഹൈബ്രിഡ് ഷാസിയാണ് കാര്‍ ഉപയോഗിക്കുന്നത്. ഇതോടെ 1509 കിലോഗ്രാം മാത്രമാണ് ഡ്രൈ വെയ്റ്റ്. ‘എയ്‌റോഡൈനാമിക്ക ലംബോര്‍ഗിനി ആറ്റിവ’ ആക്റ്റീവ് എയ്‌റോഡൈനാമിക് സാങ്കേതികവിദ്യ ലഭിച്ചു. അതായത്, ഇതുവഴി മുന്നിലെയും പിന്നിലെയും ഫ്‌ളാപ്പുകള്‍ ക്രമീകരിക്കുന്നതിലൂടെ പരമാവധി ഡൗണ്‍ഫോഴ്‌സും ലോ ഡ്രാഗ് സംവിധാനങ്ങളും സ്വിച്ച് ചെയ്യാന്‍ കഴിയും.
കാബിന്‍ സംബന്ധിച്ചും ഹുറാകാന്‍ ഇവോ കൂപ്പെ, സ്‌പൈഡര്‍ വകഭേദങ്ങള്‍ സമാനമാണ്. സ്ട്രാഡ, കോഴ്‌സ, സ്‌പോര്‍ട്ട് എന്നീ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ തെരഞ്ഞെടുക്കാവുന്ന മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വളയം നല്‍കി. ആപ്പിള്‍ കാര്‍പ്ലേ, ആമസോണ്‍ അലക്‌സ വോയ്‌സ് റെക്കഗ്നിഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.
പെര്‍ഫോമന്‍സ് കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍, തികച്ചും വന്യവും ഊര്‍ജസ്വലവുമായ 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി10 പെട്രോള്‍ എന്‍ജിനാണ് ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ വകഭേദത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 602 ബിഎച്ച്പി കരുത്തും 560 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സ്‌പൈഡറുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ഡബ്ല്യുഡി സ്‌പൈഡറിന് ഏകദേശം 28 കുതിരകളും 40 ന്യൂട്ടണ്‍ മീറ്ററും കുറഞ്ഞു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ സ്‌പൈഡറിന് 3.5 സെക്കന്‍ഡ് മതി. ആര്‍ഡബ്ല്യുഡി കൂപ്പെ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 0.2 സെക്കന്‍ഡ് പിന്നിലാണ്. മണിക്കൂറില്‍ 324 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഓപ്പണ്‍ ടോപ്പിന്റെ പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ ഡ്രൈവര്‍ക്ക്് ഉയര്‍ത്താനും താഴ്ത്താനും കഴിയും. ഇതുവഴി കാബിനില്‍ വി10 സിംഫണി ആസ്വദിക്കാം!
നിരത്തുകളിലെ വളവുകള്‍ പിന്നിടുമ്പോള്‍ 30 ശതമാനം ഓവര്‍സ്റ്റിയര്‍ എന്‍ഹാന്‍സ്‌മെന്റ്, 20 ശതമാനം കൂടുതല്‍ കരുത്ത് എന്നിവ സഹിതം കണ്‍സിസ്റ്റന്റ് ടോര്‍ക്ക് ഡെലിവറിയും ട്രാക്ഷനും ലഭിക്കുന്നതിന് പ്രത്യേകം ട്യൂണ്‍ ചെയ്ത പെര്‍ഫോമന്‍സ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (പി ടിസിഎസ്) ലഭിച്ചതാണ് ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി കൂപ്പെ വേര്‍ഷനേക്കാള്‍ വില കൂടുതലാണ് ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ വകഭേദത്തിന്. അതേസമയം 4.01 കോടി രൂപ മുതല്‍ വില വരുന്ന എഡബ്ല്യുഡി സ്‌പൈഡറിനേക്കാള്‍ വില കുറവാണ്. സൗന്ദര്യവര്‍ധക മെച്ചപ്പെടുത്തലുകള്‍, അധിക ഫീച്ചറുകള്‍, കൂടുതല്‍ പെര്‍ഫോമന്‍സ് എന്നിവയ്ക്കായി ഫാക്റ്ററിയില്‍ വെച്ചുതന്നെ ഉപയോക്താക്കള്‍ക്ക് കാര്‍ കസ്റ്റമൈസ് ചെയ്തുലഭിക്കും.