Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യമെങ്ങും ഇവി ലഭ്യമാക്കുന്നതിന് രൂപരേഖയുമായി ഹീറോ ഇലക്ട്രിക്

ഉല്‍പ്പാദനശേഷി 2.5 ലക്ഷമായി വര്‍ധിപ്പിക്കുന്നതിന് പ്ലാന്റ് വിപുലീകരിക്കും  

ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും എത്തിച്ചേരുന്നതിന് വെയര്‍ഹൗസുകള്‍ സ്ഥാപിച്ച് സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഹീറോ ഇലക്ട്രിക് ആരംഭിച്ചു. ഇന്ത്യയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് ശ്രേണീ നഗരങ്ങളിലായി 600 ലധികം ഡീലര്‍ഷിപ്പുകളാണ് ഹീറോ ഇലക്ട്രിക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ലുധിയാനയിലെ പ്ലാന്റില്‍ നിലവില്‍ പ്രതിവര്‍ഷം 70,000 വാഹനങ്ങളാണ് നിര്‍മിക്കുന്നത്. ഈ ഉല്‍പ്പാദനശേഷി 2.5 ലക്ഷമായി വര്‍ധിപ്പിക്കുന്നതിന് പ്ലാന്റ് വിപുലീകരിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കള്‍ പദ്ധതിയിടുന്നു.

രാജ്യത്ത് ഗ്രീന്‍ മൊബിലിറ്റിയുടെ വേഗം വര്‍ധിപ്പിക്കുന്നതിനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വ്യവസായം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് ഇതുവരെ ഏകദേശം മൂന്ന് ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് ഹീറോ ഇലക്ട്രിക് വിറ്റഴിച്ചത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി സുസ്ഥിര യാത്രാ ബദല്‍ അവതരിപ്പിച്ചുവരുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി വികസിപ്പിച്ചെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് ഹീറോ ഇലക്ട്രിക് വഹിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി നല്‍കുന്ന പ്രമുഖ സ്റ്റാര്‍ട്ട്അപ്പുകളുമായി ഹീറോ ഇലക്ട്രിക് ഇതിനകം പങ്കാളിത്തം സ്ഥാപിച്ചു. പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നത് തുടരുകയും ചെയ്യുന്നു.

മഹാമാരിയുടെ കാലത്ത് ഡീലര്‍മാരുമായി ചേര്‍ന്ന് ഹൈബ്രിഡ് വില്‍പ്പന രീതി തുടങ്ങുന്നതിലും ഹീറോ ഇലക്ട്രിക് മടിച്ചുനിന്നില്ല. ടെസ്റ്റ് റൈഡ് നടത്തുന്നതിനും വാങ്ങുന്നതിനും ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ക്ലീന്‍, ഗ്രീന്‍ മൊബിലിറ്റിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ സ്‌കൂട്ടറുകള്‍ ഏറ്റവും അനുയോജ്യമാണെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവിച്ചു. ലൈറ്റ്‌വെയ്റ്റ് മുതല്‍ സിറ്റി സ്പീഡ്, അതിവേഗ പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ വരെ ലഭ്യമാണ്.

Maintained By : Studio3