റമദാന്‍, ഈദ് അവസരങ്ങളിലും കുവൈറ്റില്‍ കര്‍ഫ്യൂ തുടര്‍ന്നേക്കും
1 min readനിലവില്‍ വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ് കുവൈറ്റില്‍ കര്‍ഫ്യൂ
കുവൈറ്റ് സിറ്റി: റമദാന്‍, ഈദ് വേളകളിലും കുവൈറ്റില്‍ കോവിഡ്-19 പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള കര്‍ഫ്യൂ തുടര്‍ന്നേക്കുമെന്ന് സൂചന. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റമദാന്‍ കാലത്തും കര്‍ഫ്യൂ തുടര്‍ന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനങ്ങള്‍ കര്‍ഫ്യൂ, സാമൂഹിക അകല നിബന്ധനകള്‍ പാലിക്കാത്തത് മൂലം എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധി അധികരിക്കുകയാണെന്ന് കുവൈറ്റിലെ കൊറോണ വൈറസ് ഉന്നത ഉപദേശക സമിതിയുടെ മേധാവി ഡോ.ഖാലിദ് അല്‍ ജരള്ളയെ ഉദ്ധരിച്ച് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ റമദാന്‍ കാലത്തും കര്‍ഫ്യൂ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കോവിഡ്-19 രോഗികളിലുള്ള വര്‍ധന നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം ഏഴിനാണ് കുവൈറ്റ് ഒരു മാസത്തേക്ക് വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ അഞ്ചുമണി വരെ 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മാര്‍ച്ച് 23 ന് കര്‍ഫ്യൂ സമയത്തില്‍ ചെറിയ ഇളവ് നല്‍കി. റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും 10 മണിവരെ ഡെലിവറി സേവനം തുടരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ഇതുവരെ 230,821 കോവിഡ് കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,308 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗത്തിനെതിരെ വാക്‌സിനേഷന്‍ യജ്ഞം നടക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ ലഭ്യതയിലെ കുറവ് മൂലം നടപടികളില്‍ തടസമുണ്ടായതായി അല്‍-ജാരള്ള വെളിപ്പെടുത്തി.