കാലാവധി കഴിഞ്ഞിട്ടും കുവൈറ്റ് വെല്‍ത്ത് ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് നവീകരിച്ചില്ല
നാലുവര്‍ഷമാണ് കെഐഎ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധി
കുവൈറ്റ് സിറ്റി: കാലാവധി അവസാനിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കുവൈറ്റ് 600 ബില്യണ്‍ ഡോളറിന്റെ സോവറീന്‍ വെല്‍ത്ത് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് നവീകരിച്ചില്ലെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ (കെഐഎ) ചെയര്‍മാനായ ധനമന്ത്രിക്ക് ഇക്കാര്യത്തില്‍ ഇടക്കാല തീരുമാനങ്ങള്‍ എടുക്കാമെന്നാണ് രഹസ്യ സ്രോതസ്സുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഏപ്രില്‍ 20ന് ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണം അവ്യക്തമാണ്.
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുപ്പമുള്ളതുമായ സോവറീന്‍ ഫണ്ടാണ് കെഐഎ. ലോകമെമ്പാടുമുള്ള തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വൈദ്യുതി വിതരണ സംവിധാനങ്ങളിലും കെഐഎക്ക് ഓഹരി നിക്ഷേപമുണ്ട്.
നാല് വര്‍ഷമാണ് കെഐഎ ബോര്‍ഡിന്റെ കാലാവധി. അതേസമയം അംഗങ്ങളെ പുനര്‍നിയമിക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ ബോര്‍ഡിന്റെ കാലാവധി പുതുക്കാത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെഐഎ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല. സര്‍ക്കാര്‍ ചിലവുകള്‍ ഫണ്ട് ചെയ്യുന്ന കുവൈറ്റിന്റെ ജനറല്‍ റിസര്‍വ് ഫണ്ട്, എണ്ണയ്ക്കപ്പുറത്തുള്ള ഭാവിക്ക് വേണ്ടിയുള്ള കരുതല്‍ ശേഖരമായ ഫ്യൂച്ചര്‍ ജനറേഷന്‍സ് ഫണ്ട് എന്നിവ കൈകാര്യം ചെയ്യുന്നത് കെഐഎ ആണ്.
ധനമന്ത്രിയായ ഖലീഫ ഹമദ, ഇന്ധന മന്ത്രിയായ മുഹമ്മദ് അല്‍ഫയേഴ്‌സ്, കേന്ദ്രബാങ്ക് ഗവര്‍ണ്ണറായ മുഹമ്മദ് അല്‍ ഹഷേല്‍, കെഐഎ മാനേജിംഗ് ഡയറക്ടറായ ഫാറൂഖ് ബസ്തകി, ധനമന്ത്രാലയത്തിലെ നിയുക്ത അണ്ടര്‍ സെക്രട്ടറിയായ അസീല്‍ അല്‍ മുനിഫി, കെഐഎയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായ ബദര്‍ അല്‍ സാദ് എന്നിവരാണ് ഫണ്ടിലെ ബോര്‍ഡംഗങ്ങള്‍.