December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബ് രൂപീകരിക്കാന്‍ കേരള ടൂറിസം

1 min read

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്‍റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 കോളേജുകളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ടൂറിസം വകുപ്പ് നല്‍കും. ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉടന്‍ നടക്കും.

ക്ലബ്ബുകള്‍ രൂപീകരിച്ച് കലാലയങ്ങളുടെ സമീപത്തുള്ള ഡെസ്റ്റിനേഷനുകളുമായി ബന്ധപ്പെടുത്തിയായിരിക്കും പ്രവര്‍ത്തനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ടൂറിസം വളരുന്നതിനൊപ്പം ടൂറിസം സംസ്കാരം കൂടി രൂപപ്പെടുത്താന്‍ പുതിയ തലമുറയെ പങ്കാളികളാക്കുന്നതിലൂടെ സാധിക്കും. ക്ലബ്ബുകളുടെ ചുമതല ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലുകള്‍ക്ക് ആയിരിക്കും. പരമാവധി 50 അംഗങ്ങളാണ് ക്ലബ്ബില്‍ ഉണ്ടാകുക. അംഗങ്ങള്‍ക്ക് ഏകീകൃത യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരിക്കും. ക്ലബ്ബുകളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണമെന്നതു സംബന്ധിച്ച് കലണ്ടര്‍ പുറത്തിറക്കും. അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതും പരിഗണനയിലുണ്ട്. കേരള ട്രാവല്‍ മാര്‍ട്ട്, കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പ്രധാന ടൂറിസം പരിപാടികളില്‍ ക്ലബ്ബ് അംഗങ്ങളെ വളണ്ടിയര്‍മാരായും മറ്റും പങ്കെടുപ്പിക്കും.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആതിഥ്യമര്യാദയുടെ മികച്ച മാതൃക കാണിച്ചുകൊടുക്കാനും ടൂറിസ്റ്റ് ഗൈഡുമാരായി പാര്‍ട്ട് ടൈം ജോലി ചെയ്യാനും ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതാത് സ്ഥലങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തില്‍ ക്ലബ്ബുകളുടെ സഹകരണം തേടും. സഞ്ചാരികളുടെ മാറിവരുന്ന താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ ടൂറിസം ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ കാമ്പയിനുകളിലും പുതുതലമുറയുടെ ആശയങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ടൂറിസം ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്നുള്ള സാംസ്കാരിക വിനിമയ പരിപാടികളും ശില്‍പ്പശാലകളും സംഘടിപ്പിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ടൂറിസം ക്ലബ്ബ് നടത്താന്‍ താത്പര്യപ്പെടുന്ന 25 കലാലയങ്ങളെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി ടൂറിസം വകുപ്പിന് നല്‍കുമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. വിദ്യാര്‍ഥികളുടെ സാമൂഹികബന്ധം വളര്‍ത്താനും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിനോദസഞ്ചാരത്തിലെ താത്പര്യം മികച്ച നിലയില്‍ ഉപയോഗപ്പെടുത്താനും ടൂറിസം ക്ലബ്ബുകള്‍ക്കാകും. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധിക്കുകയും നിലവിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തത ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ടൂറിസം ക്ലബ്ബുകളുടെ ചുമതലയില്‍ വരുന്നതാണെന്നും മന്ത്രി പറഞ്ഞു.

Maintained By : Studio3