Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎം ഹബ് ബ്രസല്‍സ് ധാരണാപത്രം

1 min read

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബ്രസല്‍സിലെ ഹബ് ഡോട് ബ്രസല്‍സും ധാരണാപത്രം ഒപ്പിട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്. ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെയും സാമ്പത്തികവികസനത്തിന്‍റെയും ചുമതലയുള്ള പ്രാദേശിക ഏജന്‍സിയാണ് ഹബ് ബ്രസല്‍സ്. കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഹബ് ബ്രസല്‍സ് ഡെപ്യൂട്ടി സിഇഒ അന്നലോര്‍ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ധാരണാപത്രത്തിന്‍റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സില്‍ സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗജന്യ വര്‍ക്കിംഗ്സ്പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല അവസരങ്ങള്‍ എന്നിവയും ലഭ്യമാകും. ബെല്‍ജിയത്തില്‍ മാത്രമല്ല, യൂറോപ്പിലെ വിപണിയിലാകെ സാന്നിദ്ധ്യമറിയിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം കൈവരും. ഇതേ മാതൃകയില്‍ ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിലും സമാനമായ സംവിധാനമൊരുക്കും. കെഎസ് യുഎമ്മിന്‍റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടികള്‍, ഇന്ത്യന്‍ ബിസിനസ് സമൂഹവുമായുള്ള ആശയവിനിമയം എന്നിവയില്‍ ബെല്‍ജിയത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരമുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള ലോഞ്ച് പാഡായി കേരളത്തെ മാറ്റുന്നതിനുള്ള നിര്‍ണായക കാല്‍വയ്പാണ് ഈ ഉഭയകക്ഷി ധാരണാപത്രമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. ചടുലമായ രണ്ട് ആവാസവ്യവസ്ഥയെയും ഒന്നിച്ചു ചേര്‍ക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ പുതിയ മാനങ്ങള്‍ കീഴടക്കാനും ആഗോള അവസരങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കാനും സാധിക്കും. രാജ്യത്താകമാനമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരാറിലൂടെ വലിയ അവസരങ്ങള്‍ കൈവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള സ്റ്റാര്‍ട്ടപ്പ് മേഖലയായി ഈ സഹകരണത്തോടെ കേരളം മാറിയിരിക്കുകയാണ്. ഇന്ത്യയും യൂറോപ്പുമായി സക്രിയവും ആഴത്തിലുള്ളതുമായ സഹകരണം സ്റ്റാര്‍ട്ടപ്പ മേഖലയില്‍ സാധ്യമാക്കാനും പുതിയ വളര്‍ച്ചാ സാഹചര്യങ്ങള്‍ സ്വായത്തമാക്കാനും ധാരണാപത്രം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍ത്ത് കെയര്‍ ടെക്, ലൈഫ് സയന്‍സസ്, റബര്‍ അധിഷ്ഠിത നൂതന സംരംഭങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റം, ഭക്ഷ്യ-കാര്‍ഷിക സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് സഹകരണത്തിന് ഏറെ സാധ്യത കല്‍പ്പിക്കുന്നത്. ബിസിനസ് റിലേഷന്‍ഷിപ്പ് മാനേജ്മന്‍റ് (ബിആര്‍എം), ഡാറ്റാ ഇന്‍റലിജന്‍സ്, ഹെല്‍ത്ത് ടെക്, ക്ലീന്‍ ടെക്നോളജി, എഐ, ഡാറ്റാ ഇന്‍റലിജന്‍സ്, ഫിന്‍ എഐ എന്നീ മേഖലകളിലാണ് ബെല്‍ജിയം സ്റ്റാര്‍ട്ടപ്പുകള്‍ മുഖ്യമായി പ്രവര്‍ത്തിക്കുന്നത്. 6300 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ 64 ഇന്‍കുബേറ്ററുകള്‍, 525 ഇനോവേഷന്‍ സെന്‍ററുകള്‍ എന്നിവയോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്ന് ഹബ് ബ്രസല്‍സ് വിലയിരുത്തി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കെഎസ് യുഎമ്മിന്‍റെ നയം ഏറെ പുരോഗമനപരമാണ്. വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി പോലുള്ള ഉദ്യമങ്ങള്‍ ഇതിന് മാതൃകയാണെന്നും ഹബ് ബ്രസല്‍സ് ചൂണ്ടിക്കാട്ടി.സി കേരളവും ബ്രസല്‍സും മുന്നോട്ടുവയ്ക്കുന്ന മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോളതലത്തില്‍ കൂടുതല്‍ മെച്ചമായി അവതരിപ്പിക്കുന്നതിനും ആഗോളവിപണിയിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും. ബിസിനസ് വളര്‍ത്താനും, കൂടുതല്‍ വിപണി സാന്നിദ്ധ്യം അറിയിക്കാനും, തന്ത്രപ്രധാനമായ സഹകരണം വളര്‍ത്താനും ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുങ്ങും.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ
Maintained By : Studio3