October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലീപ് സെന്‍ററുകള്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

1 min read

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ കോ-വര്‍ക്കിംഗ് സ്പേസുകളായ ലീപ് സെന്‍ററുകള്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ എടത്തല അല്‍ അമീന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലെ ലാബുകളാണ് പുതുതായി കെഎസ് യുഎം ലീപ് സെന്‍റര്‍ സംവിധാനത്തിന്‍റെ ഭാഗമാകുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളായ ലീപ് (ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍) കോ-വര്‍ക്കിംഗ് സ്പേയ്സുകള്‍ സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായാണ് പുതിയ സെന്‍ററുകള്‍ക്ക് അനുമതി നല്കിയത്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും മൂന്ന് കോളേജുകളുടെ പ്രതിനിധികളും ഒപ്പുവച്ചു. സംസ്ഥാനത്തെ ആദ്യ മെഡ്ടെക് ലീപ് സെന്‍ററാണ് വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേത്. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഐനെസ്റ്റ് ബയോ ഇന്‍കുബേഷന്‍ സെന്‍ററാണ് ലീപ് സെന്‍ററായി ഉപയോഗിക്കാനാകുക. ത്രീഡി ബയോ പ്രിന്‍റിങ്, കാന്‍സര്‍ ബയോളജി, ബയോ മെഡിക്കല്‍ ഡിവൈസസ്, ഇന്‍വിട്രോ ഡയഗ്നോസ്റ്റിക്സ്, പേഴ്സണലൈസ്ഡ് മെഡിസിന്‍ ബയോ സ്റ്റാര്‍ട്ടപ്പുകളിലെ തുടക്കക്കാര്‍ക്ക് ഇതിലൂടെ മികച്ച അവസരം ലഭ്യമാകും.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കാണ് ഇന്‍കുബേഷനുള്ള സ്പേസ് അനുവദിച്ചിട്ടുള്ളത്. കൊച്ചിയിലെ എടത്തല അല്‍ അമീന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലെ ലീപ് സെന്‍ററുകളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എടത്തല അല്‍ അമീന്‍ കോളേജിന്‍റെ സംരംഭകകേന്ദ്രമായ ഐസ് സ്പേസിനും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ലീപ്പ് അംഗീകാരം നല്കി. കേരളത്തില്‍ അഞ്ചു കോളേജുകള്‍ക്കാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലീപ്പ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ആണ് എടത്തല അല്‍ അമീന്‍ കോളേജ്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ബന്ധപ്പെട്ട പ്രോജക്ടുകള്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ത്രീഡി പ്രിന്‍റിംഗ് സംവിധാനങ്ങളും ലഭ്യമാണ്. വിദഗ്ധ മാര്‍ഗനിര്‍ദേശം നല്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഒപ്പമുണ്ട്. ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ലീപ് സെന്‍റര്‍ പുതിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെയാണ് പിന്തുണയ്ക്കുക. സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സെന്‍ററുകളും ലീപ്പ് സംവിധാനത്തിനകത്തേക്ക് കൊണ്ടുവരാനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ശ്രമം. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോ-വര്‍ക്കിംഗ് സ്പെയ്സുകള്‍ ലഭ്യമാക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്. ഇതിന്‍റെ ഭാഗമായുള്ള ക്യാമ്പസുകളിലെ ലീപ് സെന്‍ററുകള്‍ ഒരു തുടക്കമാണ്.
മൂന്ന് കോളേജുകളുമായും ഒപ്പുവെച്ച കരാറിലൂടെ ഈ കാമ്പസുകളില്‍ ലഭ്യമായ നൂതന സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ പ്രയോജനപ്പെടുത്തി വളരാനും നവീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മെഡ്ടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐനെസ്റ്റ് ബയോ ഇന്‍കുബേഷന്‍ സെന്‍ററിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്കല്‍, ബിസിനസ് ഡവലപ്മെന്‍റ് സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഗ്രാന്‍റുകള്‍, വായ്പകള്‍, മാര്‍ക്കറ്റ് ആക്സസ്, മെന്‍റേഴ്സ് കണക്ട്, ഇന്‍വെസ്റ്റര്‍ കണക്റ്റ് തുടങ്ങിയ കെഎസ് യുഎംപദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

 

Maintained By : Studio3