ഖാലിദ് യൂസഫ് അല്‍-ജലഹ്‌മ ഇസ്രയേലിലെ ആദ്യ ബഹ്‌റൈന്‍ അംബാസഡര്‍
1 min readഇസ്രയേലില്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിന് ബഹ്‌റൈന്‍ രാജാവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി
ബഹ്‌റൈന്‍: ഇസ്രയേലിലെ ആദ്യ ബഹ്‌റൈന്‍ അംബാസഡറായി ഖാലിദ് യൂസഫ് അല്‍-ജലഹ്‌മയെ നിയമിച്ചു. അല്‍-ജലഹ്‌മയെ ഇസ്രയേലിലെ ബഹ്‌റൈന്‍ സ്ഥാനപതിയായി നിയമിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവ് പുറത്തിറക്കി. ഇസ്രയേലില്‍ ബഹ്‌റൈന്‍ എംബസി സ്ഥാപിക്കുന്നതിന് ബഹ്‌റൈന്‍ രാജാവ് ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബഹ്്‌റൈന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടറും 2009-2013 കാലയളവില്‍ അമേരിക്കയിലെ ബഹ്‌റൈന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫും ആയിരുന്നു അല്‍ ജല്‍ഹ്‌മ. വരും ആഴ്ചകളില്‍ ബഹ്‌റൈനില്‍ നിന്നുള്ള നയതന്ത്ര സംഘം തലസ്ഥാനമായ ടെല്‍ അവീവില്‍ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനായി രാജ്യത്തെത്തുമെന്നാണ് കരുതുന്നതെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജല്‍ഹ്‌മയുടെ നിയമനത്തിന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗബി അഷ്‌കെന്‍സി അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള ലത്തീഫ് ബിന്‍ റാഷിദുമായി അഷ്‌കെന്‍സി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
യുഎഇക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിക്കാന്‍ മുന്നോട്ടുവന്ന മറ്റൊരു രാജ്യമാണ് ബഹ്‌റൈന്‍. കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പിടുമെന്ന് യുഎഇ പ്രഖ്യാപിച്ചതിന് പിന്നാലെ ബഹ്‌റൈനും സമാധാന കരാറിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ഒരുമിച്ച് എബ്രഹാം കരാര്‍ എന്ന ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഒക്ടോബറില്‍ ബഹ്‌റൈനും ഇസ്രയേലും സാമ്പത്തികം, വാണിജ്യം, ടെലികമ്മ്യൂണിക്കേഷന്‍സ്, വ്യാപാരം, വ്യോമയാനം, ആളുകളുടെ നീക്കം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണം എന്നീ മേഖലകളിലായി നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിരുന്നു.
ബഹ്‌റൈനെ കൂടാതെ യുഎഇയും ഇസ്രയേലില്‍ ആദ്യ അംബാസഡറിനെ നിയമിച്ചിട്ടുണ്ട്. മുഹമ്മദ് മഹ്‌മൂദ് അല്‍ ഖാജ ഫെബ്രുവരി 14ന് ഇസ്രയേലിലെ എമിറാറ്റി അംബാസഡറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.