December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

1 min read
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍. നവംബര്‍ 5 ന് ആരംഭിച്ച ഡബ്ല്യുടിഎം-2024 ല്‍ ടൂറിസം മേഖലയിലെ വ്യാപാര പങ്കാളികളുമായാണ് കേരളം പങ്കെടുക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനെയും ആകര്‍ഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. കേരള ടൂറിസത്തിന്‍റെ പ്രധാന വിപണികളിലൊന്നാണ് ലണ്ടന്‍. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും കലാരൂപങ്ങളും പ്രകടമാക്കുന്ന പവലിയന്‍ 110 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. ‘എ വണ്ടര്‍ഫുള്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലാണ് പവലിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തത്സമയ കഥകളി, മോഹിനിയാട്ടം പ്രകടനങ്ങള്‍ പവലിയനിലെ പ്രധാന ആകര്‍ഷണമാണ്. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ആണ് മേളയില്‍ കേരള പ്രതിനിധി സംഘത്തെ നയിക്കുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രംകെ. ദൊരൈസ്വാമി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ സംബന്ധിച്ചു. ഒഡീഷ ഉപ മുഖ്യമന്ത്രി പാര്‍വതി പരിദാ, ഗോവ ടൂറിസം മന്ത്രി രോഹന്‍ ക്വാന്‍ഡേ, കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ മുഗ്ധ സിന്‍ഹ എന്നിവര്‍ കേരള പവലിയന്‍ സന്ദര്‍ശിച്ചു. കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഡബ്ല്യുടിഎമ്മിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ ടൂറിസം സീസണില്‍ ലണ്ടനില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് മേളയിലെ ചര്‍ച്ചകളില്‍ നിന്നുള്ള വിലയിരുത്തല്‍. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് സംസ്ഥാനം രേഖപ്പെടുത്തുന്നത്. എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ലക്ഷ്യസ്ഥാനം എന്ന ആശയമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പുതിയ ലക്ഷ്യസ്ഥാനങ്ങളും നൂതനമായ ടൂറിസം സര്‍ക്യൂട്ടുകളും അവതരിപ്പിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡബ്ല്യുടിഎം പോലുള്ള ആഗോള പരിപാടികളില്‍ പങ്കെടുക്കുന്നത് ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന കേരളത്തിന്‍റെ സ്ഥാനം നിലനിര്‍ത്തുന്നതിന് സഹായകമാകുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. വ്യവസായ പ്രതിനിധികളുടെ വാണിജ്യ പങ്കാളിത്ത ചര്‍ച്ചകളിലൂടെ ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ടൂറിസത്തിന്‍റെ അതുല്യമായ ഉത്പന്നങ്ങളും സംരംഭങ്ങളും ഡബ്ല്യുടിഎമ്മിലെ ആഗോള ടൂറിസം വ്യവസായ പ്രതിനിധികള്‍ക്കു മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനായെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. വ്യാപാര മേളയിലെ ബിസിനസ് ഇടപെടലുകള്‍ സംസ്ഥാനത്തിന്‍റെ ടൂറിസം വ്യവസായത്തിന് കാര്യമായ നേട്ടമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് 11 ടൂറിസം വ്യവസായ പ്രതിനിധികളാണ് ഡബ്ല്യുടിഎമ്മില്‍ പങ്കെടുക്കുന്നത്. ഒരു ആയുര്‍വേദ റിസോര്‍ട്ട്, 4 ഹോട്ടലുകള്‍/റിസോര്‍ട്ടുകള്‍, 5 ടൂര്‍ ഓപ്പറേറ്റര്‍, ഒരു ഹൗസ് ബോട്ട് സര്‍വീസ് പ്രൊവൈഡര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കോസിമ ഹോളിഡേയ്സ് ഇന്ത്യ, ഈസ്റ്റെന്‍ഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, കൃഷ്ണേന്ദു ആയുര്‍വേദ, ഓസ്കാര്‍ ക്രൂസ്, പയനിയര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, സാന്‍റമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ട്രാവല്‍കാര്‍ട്ട് ഇന്ത്യ, യുഡിഎസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്സ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. 
  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3