സംസ്ഥാനത്ത് ക്യാമ്പര്‍ കാരവനുമായി മോട്ടോഗ്ലാമ്പേഴ്സ്
തിരുവനന്തപുരം: സംസ്ഥാന ടൂറിസം പദ്ധതിയായ ‘കാരവന്‍ കേരള’യ്ക്ക് കരുത്തേകാന്‍ പ്രമുഖ കാരവന്‍ റെന്‍റല്‍ സേവനദാതാക്കളായ മോട്ടോഗ്ലാമ്പേഴ്സ് നൂതന സവിശേഷതകളുള്ള കാരവന്‍ പുറത്തിറക്കുന്നു. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ യാത്ര ലഭ്യമാക്കും വിധം വീട്ടിലെ സുഖസൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന എസ് യുവി കാരവന്‍ സംസ്ഥാനത്ത് അടുത്തമാസം പുറത്തിറക്കും.
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഏറെ അനുയോജ്യമാണ് ചത്തീസ് ഗഢ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടോഗ്ലാമ്പേഴ്സിന്‍റെ നൂതന കാരവന്‍. നാലുപേരടങ്ങുന്ന കുടുംബത്തിന് റൂഫ് ടോപ് ബെഡ്, ബെഡിനെ ഇരിക്കുന്ന ടെന്‍റായി മാറ്റാവുന്ന സംവിധാനം, ഭക്ഷണം കഴിക്കുന്നതിനുള്ള ടേബിള്‍ ഉള്‍പ്പെടെ ആഢംബരമായി ക്യാമ്പ് ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും ഇതിലുണ്ട്.
സംസ്ഥാന ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ, അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ക്കുമുന്നില്‍ മോട്ടോഗ്ലാമ്പേഴ്സ് നൂതന കാരവന്‍ അവതരിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങളിലെ പങ്കാളികള്‍ സംസ്ഥാനത്തെ കാരവന്‍ ടൂറിസം മേഖലയിലെ അനന്ത സാധ്യത തിരിച്ചറിയുന്നത് ഏറെ അഭിമാനകരമാണെന്ന് മോട്ടോഗ്ലാമ്പേഴ്സിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കൃഷ്ണ തേജ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള സേവന ദാതാക്കള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുന്നതിന്‍റെ പ്രതിഫലനമാണ് കാരവനുകള്‍ ഓപ്പറേറ്റു ചെയ്യുന്നതിനും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുമായി ലഭിക്കുന്ന അപേക്ഷകളുടെ വര്‍ദ്ധനവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം സെപ്റ്റംബറിലാണ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കാളിത്ത സൗഹൃദ പദ്ധതിയായ കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതു മുതല്‍ മികച്ച പ്രതികരണമാണ് മേഖലയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
109 സംരംഭകര്‍ 213 കാരവനുകള്‍ക്ക് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 66 കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് 49 നിക്ഷേപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍, ആതിഥേയ-ട്രാവല്‍ മേഖലകളിലെ മുന്‍നിരയിലുള്ളവര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍ എന്നിവരില്‍ നിന്നും ഈ പദ്ധതിക്ക് ശ്രദ്ധയും താല്‍പര്യവും നേടിയെടുക്കാനായി.
കാരവനുകളില്‍ യാത്രചെയ്ത് ഇതുവരെ കണ്ടെത്താത്തതും അനന്ത സാധ്യതകളുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കുന്നതിനും കാരവനുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുമുള്ള മികച്ച അവസരമാണ് കാരവന്‍ ടൂറിസം വാഗ്ദാനം ചെയ്യുന്നത്. പ്രാദേശിക സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനും മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനുമായി ടൂറിസത്തെ സുസ്ഥിര പ്രവര്‍ത്തനമാക്കാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.