വിപ്ലവ നക്ഷത്രത്തിന് വിട. കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി മരിക്കില്ല…
1 min read- കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത കെ ആര്‍ ഗൗരിയമ്മ ഓര്‍മയായി
- തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
- വിപ്ലവം സിരകളില്‍ പടര്‍ന്ന സമരനായികയ്ക്ക് കേരളത്തിന്‍റെ ബാഷ്പാഞ്ജലി
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം വിപ്ലവ നക്ഷ്ത്രമെന്ന് പുകള്‍കൊണ്ട കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം ഗൗരിയമ്മയുടെ ജീവിതം തൊടാതെ എഴുതാന്‍ സാധിക്കില്ല. ഒരു സാധാരണ പെണ്‍കുട്ടി നിയമം പഠിച്ച് വക്കീലായി, പിന്നെ രാഷ്ട്രീയത്തിലിറങ്ങി ആദ്യ മന്ത്രിസഭയിലെ റെവന്യൂ മന്ത്രിയായി മാറിയ വീരേതിഹാസ കഥ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടാണ്.
13 തവണ നിയമസഭാംഗവും ആറ് തവണ മന്ത്രിയുമായി കെ ആര്‍ ഗൗരിയമ്മ. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിര്‍ണായകമായ നിരവധി ചുവടുവെപ്പുകള്‍ ഗൗരിയമ്മയെന്ന ഭരണാധികാരിയുടെ കിരീടത്തിലെ പൊന്‍തൂവലുകളാണ്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എറണാകളും മഹാരാജാസ് കോളെജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും സെന്‍റ് തെരേസാസ് കോളെജില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം ലോ കോളെജില്‍ നിന്ന് നിയമബിരുദവും കഴിഞ്ഞ ശേഷമാണ് ഗൗരി രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ജ്യോഷ്ഠ സഹോദരന്‍ സുകുമാരനായിരുന്നു രാഷ്ട്രീയ ചുവടുവെപ്പിന് പ്രചോദനമായിത്തീര്‍ന്നത്.
ഈഴവസമുദായത്തിലെ ആദ്യത്തെ വക്കീലായി മാറിയ ഗൗരി ചേര്‍ത്തല കോടതിയിലാണ് പ്രാക്റ്റീസ് ആരംഭിച്ചത്. എന്നാല്‍ തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്ര വയലാര്‍ സമരവും ഗൗരിയമ്മയെ രാഷ്ട്രീയത്തിന്‍റെ തീച്ചൂളയിലേക്ക് ഇറക്കി. സഖാവ് പി കൃഷ്ണപിള്ളയില്‍ നിന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് തുറവൂരില്‍ നിന്ന് മല്‍സരിച്ചെങ്കിലും തോറ്റു. 52ലും 54ലും തിരു-കൊച്ചി നിയമസഭയിലേക്ക് ഗംഭീര ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഐക്യകേരളം പിറന്ന ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയും മല്‍സരിച്ചു. വിജയിക്കുകയും ചെയ്തു. ലോകത്താദ്യമായി ജനാധിപത്യ രീതിയില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തലയെടുപ്പോടെ റെവന്യൂവകുപ്പ് കൈയാളാന്‍ കെ ആര്‍ ഗൗരിയെന്ന വനിതയും ഉണ്ടായിരുന്നു. അതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം കഴിച്ചു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നു, ഗൗരിയമ്മ സിപിഎമ്മിലും ടിവി സിപിഐയിലും. വ്യക്തിപരവും രാഷ്ട്രീയപരവുമായ വിയോജിപ്പുകളുടെ ഫലമായി ഇരുവരും വേര്‍പിരിയുകയും ചെയ്തു.
സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വത്തിലിരിക്കുന്നവരുമായുള്ള പ്രശ്നങ്ങളും മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍ 1994 ജനുവരി ഒന്നിന് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. തുടര്‍ന്നാണ് ജെഎസ്എസ് രൂപീകരിക്കുന്നതും യുഡിഎഫില്‍ ചേരുന്നതും. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ യുഡിഎഫില്‍ നിന്നും വിട്ടുപോന്നു. അവസാനകാലത്ത് സിപിഎമ്മുമായി വീണ്ടും അടുപ്പം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റായിരുന്നെങ്കിലും ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗൗരിയമ്മയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.