ഇ- വാഹനങ്ങള്‍ക്ക് 5 വര്‍ഷം നികുതിയില്‍ ഇളവ്, പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണം പ്രോല്‍സാഹിപ്പിക്കും
1 min readബജറ്റില്‍ പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് മോട്ടോര്‍ വാഹന നികുതിയില്‍ ഇളവ് അനുവദിക്കും. രാജ്യത്ത് ആദ്യമായി ഇ-വാഹന നയം രൂപീകരിച്ചത് കേരളമാണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി നിലവില്‍ 2000-ഓളം ഇ-വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അറിയിച്ചു. 10,000 ഇ-ഓട്ടോറിക്ഷകള്‍ക്ക് 25,000- 30,000 രൂപ സബ്‌സിഡി അനുവദിക്കും. കെഎസ്ഇബി ഇ-വാഹനങ്ങള്‍ക്കായി 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇ-വാഹനങ്ങള്‍ വാങ്ങുന്നത് വാഹനങ്ങളുടെ ഈടില്‍ കെഎഫ്‌സ് 7 ശതമാനം നിരക്കില്‍ പലിശ നല്‍കും.
പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഒറ്റത്തവണ കെട്ടിട നികുതിയില്‍ 50 ശതമാനം ഇളവ് നല്‍കും. ഇത്തരം ആസ്തികളുടെ ക്രയ വിക്രയ സമയത്ത് സ്റ്റാംപ് ഡ്യൂട്ടിയില്‍ 1 ശതമാനം ഇളവ്. വൈദ്യുതി 20 ശതമാനം ലാഭിക്കുകയാണെങ്കില്‍ വൈദ്യുതി നിരക്കില്‍ 5 വര്‍ഷത്തേക്ക് 10 ശതമാനം ഇളവ് നല്‍കും. പ്രാദേശിക കെട്ടിട നികുതിയില്‍ 20 ശതമാനം ഇളവും ഇത്തരം കെട്ടിടങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
വനസംരക്ഷണത്തിനും പുനരുജ്ജീവനത്തിനും 200 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നരഗങ്ങളിലെ ജലാശയങ്ങളും കനാലുകളും മാലിന്യമുക്തമാക്കുന്നതിന് ശുചിത്വ പദ്ധതി, കിഫ്ബി, അമൃത് എന്നിവയില്‍ നിന്ന് പണം അനുവദിക്കും. നീര്‍ത്തട സംരക്ഷണത്തിനും പച്ചത്തുരുത്തുകള്‍ വ്യാപിപ്പിക്കുന്നതിനും നടപടികള്‍ ഉണ്ടാകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.