ടൂറിസം സാധ്യതകള്‍ കാന്തല്ലൂര്‍ മാതൃകയില്‍ വികസിപ്പിക്കും
തിരുവനന്തപുരം: കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും അനുഭവവേദ്യ ടൂറിസത്തിന്‍റെ മാതൃകകള്‍ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ച കാന്തല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതിയെ കേരള സര്‍ക്കാരും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും ടൂറിസം സാധ്യതകള്‍ കാന്തല്ലൂര്‍ മാതൃകയില്‍ വികസിപ്പിക്കാനാണ് സര്‍ക്കാരും ഉത്തരവാദിത്ത ടൂറിസം മിഷനും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു ടൂറിസ്റ്റ് സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ട പ്രധാന ഘടകം കേരളത്തിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ടൂറിസത്തെ എത്തിക്കാന്‍ കഴിയുമ്പോള്‍ കേരളത്തെ വിനോദസഞ്ചാര സംസ്ഥാനമാക്കി മാറ്റാന്‍ കഴിയും. ഉത്തരവാദിത്ത ടൂറിസം എന്ന ആശയം അതിന്‍റെ ഭാഗമാണ്. കേരളത്തിലെ ഓരോ പൗരന്‍റേയും ജീവിതത്തെ സ്പര്‍ശിക്കുന്ന നിലയിലേക്ക് ജനകീയ ടൂറിസത്തെ മാറ്റിത്തീര്‍ക്കുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈവിധ്യമാര്‍ന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് ഗ്രാമീണ മേഖലയുടെ കരുത്ത്. ആ വൈവിധ്യങ്ങളിലേക്കാണ് കേരള ടൂറിസം വകുപ്പ് സഞ്ചാരികളുമായി എത്തുന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയായി മാറി. കേന്ദ്ര ടൂറിസം വകുപ്പിന്‍റെ ബെസ്റ്റ് ടൂറിസം വില്ലേജ് മത്സരത്തില്‍ കാന്തല്ലൂര്‍ പഞ്ചായത്തിന് സുവര്‍ണ പുരസ്കാരം ലഭിച്ചത് അതിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെയും കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്ത് നടത്തിയിട്ടുള്ള ടൂറിസം മേഖലയിലെ ശക്തമായ ഇടപെടലിലൂടെയുമാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് ഐഎഎസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ് ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു.
എട്ടു മാസമായി നടന്ന പരിശോധനകള്‍ക്ക് ഒടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളില്‍ അഞ്ച് എണ്ണത്തിന് സ്വര്‍ണവും പത്ത് ഗ്രാമങ്ങള്‍ക്ക് വെള്ളിയും ഇരുപത് ഗ്രാമങ്ങള്‍ക്ക് ബ്രോണ്‍സും ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനും യു എന്‍ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളില്‍ ഒന്നാണ് കാന്തല്ലൂര്‍.
ഗ്രാമീണ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനൊപ്പം വൈവിധ്യങ്ങളെ ആഘോഷിക്കാന്‍ സാധിക്കണം. തുല്യ അവസരം നല്കുന്നതിനൊപ്പം ജൈവവൈവിധ്യങ്ങളെ സംരംക്ഷിക്കാനും സ്ട്രീറ്റ് പദ്ധതിയിലൂടെ കാന്തല്ലൂരിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ആദ്യമായി പഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തിയെന്നതും കാന്തല്ലൂരിനെ വേറിട്ടതാക്കുന്നു. അത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്പെഷല്‍ ടൂറിസം ഗ്രാമസഭകള്‍, ടൂറിസം റിസോര്‍സ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കല്‍, വിവിധ പരിശീലനങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രൂപീകരണം-രജിസ്ട്രേഷന്‍ എന്നിവ വിജയകരമായി നടപ്പാക്കി.
ഗ്രാമീണ-കാര്‍ഷിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകള്‍ നടപ്പാക്കിയതും ടൂര്‍ പാക്കേജുകള്‍ക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. കൃത്യമായ ഇടവേളകളില്‍ സംരംഭക ശില്‍പശാലകളും വിലയിരുത്തല്‍ യോഗങ്ങളും നടന്നു. ഡെസ്റ്റിനേഷന്‍ സുരക്ഷാപഠനത്തിലൂടെ കണ്ടെത്തിയ പരിമിതികള്‍ പരിഹരിക്കുന്നതിനായി പൊതു ശൗചാലയങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം, പൊതു വാട്ടര്‍ വെന്‍ഡിങ്ങ് മെഷീനുകള്‍ എന്നിവയും ഉറപ്പാക്കി.
ഡെസ്റ്റിനേഷന്‍ സൈന്‍ ബോര്‍ഡുകള്‍ ഉറപ്പാക്കിയതിനൊപ്പം മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതിയും നടപ്പാക്കി. വീടുകളില്‍ നിന്നും ടൂറിസം സംരംഭങ്ങളില്‍ നിന്നും ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തി. യൂസര്‍ ഫീ വാങ്ങി നടപ്പാക്കുന്ന മാലിന്യ സംസ്കരണം സുഗമമാക്കുന്നതിനായി ട്രാക്ടറുകളും ഇതര വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഗ്രീന്‍ സ്ട്രീറ്റ്, വെജിറ്റബിള്‍ സ്ട്രീറ്റ്, ഫ്രൂട്ട് സ്ട്രീറ്റ്, ഫ്ളവര്‍ സ്ട്രീറ്റ് എന്നിങ്ങനെ ടൂറിസം സര്‍ക്യൂട്ടുകള്‍ തരംതിരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ മറ്റു സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും അപേക്ഷിച്ച് വളരെ വലുതാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് ഐഎഎസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ട്രേഡ് ഫെയറുകളില്‍ കേരളത്തിന് കിട്ടുന്ന അംഗീകാരം കണക്കിലെടുത്താല്‍ തന്നെ കേരള ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയും. പഞ്ചായത്തുകള്‍ ഇത് തിരിച്ചറിഞ്ഞ് ടൂറിസം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.