വാര്‍ഷികയോഗത്തില്‍ ജിയോ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ജിയോബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിച്ചേക്കും
1 min readഗൂഗിളുമായി ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടൊപ്പം ജിയോബുക്ക് എന്ന ചെലവുകുറഞ്ഞ ലാപ്‌ടോപ്പ് കൂടി പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. ഗൂഗിളുമായി ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒന്നുകില്‍ ആന്‍ഡ്രോയ്ഡിന് മുകളിലായി ജിയോഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഗോ അടിസ്ഥാനമാക്കി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിച്ചേക്കും. എന്‍ട്രി ലെവല്‍ ഹാര്‍ഡ്‌വെയര്‍ ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വികസിപ്പിച്ചതാണ് ഗൂഗിളിന്റെ ലൈറ്റ്‌വെയ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് ഗോ.
സ്മാര്‍ട്ട്‌ഫോണിനായി ഏത് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ റിലയന്‍സ് ജിയോയും ഗൂഗിളും ഇപ്പോഴും ചര്‍ച്ച നടത്തിവരികയാണെന്ന് പറയപ്പെടുന്നു. ആന്‍ഡ്രോയ്ഡ് ഗോ ഒഎസ് അടിസ്ഥാനമാക്കി ജിയോയുടെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്. മാത്രമല്ല, എന്‍ട്രി ലെവല്‍ സ്‌പെസിഫിക്കേഷനുകളോടെ മാത്രമായിരിക്കും 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നത്. ചെലവുകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വേരുകളാഴ്ത്താന്‍ റിലയന്‍സ് ജിയോയ്ക്കു കഴിയും. റിലയന്‍സ് ജിയോയുടെ സ്മാര്‍ട്ട്‌ഫോണിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിയോഒഎസ് വികസിപ്പിക്കുന്നതായും സൂചന ലഭിച്ചു.
റിലയന്‍സ് ജിയോയുടെ ലാപ്‌ടോപ്പുകള്‍ക്കായി ജിയോഒഎസ് വികസിപ്പിക്കുന്നുവെന്ന തരത്തിലാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ജിയോബുക്ക് നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിയായ ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി റിലയന്‍സ് ജിയോ പങ്കാളിത്തം സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 4ജി എല്‍ടിഇ കണക്റ്റിവിറ്റി ലഭിക്കുന്ന ജിയോബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ചതായാണ് മനസ്സിലാക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ പ്രൊഡക്റ്റ് വാലിഡേഷന്‍ ടെസ്റ്റിനായി ഡിവൈസ് സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
താങ്ങാവുന്ന നിരക്കിലുള്ള ഡാറ്റ പ്ലാനുകളിലൂടെയും കുറഞ്ഞ വിലയുള്ള ജിയോഫോണ്‍ വിപണിയിലെത്തിച്ചും ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ മുംബൈ ആസ്ഥാനമായ ടെലികോം സേവനദാതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. ബജറ്റ് സൗഹൃദ കംപ്യൂട്ടിംഗ് ഡിവൈസുകള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ജിയോബുക്ക് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. മാത്രമല്ല, മൊബീല്‍ ഫോണ്‍ ഉപയോക്താക്കളെ കൂടാതെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയാണ് റിലയന്‍സ് ജിയോ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലാപ്ടോപ്പുകള്‍ക്കും മറ്റും ഇപ്പോള്‍ ഡിമാന്‍ഡ് ഏറെയാണ്. ന്യൂ നോര്‍മല്‍ ജീവിത സാഹചര്യങ്ങളാണ് ഇതിന് കാരണങ്ങള്‍.
ജിയോബുക്ക് ലാപ്ടോപ്പിന്റെ ആദ്യ മാതൃകയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. എച്ച്ഡി (1366, 768 പിക്‌സല്‍) ഡിസ്‌പ്ലേ, ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 665 എസ്ഒസി, സ്‌നാപ്ഡ്രാഗണ്‍ എസ്12 4ജി മോഡം എന്നിവയോടെ റിലയന്‍സ് ജിയോബുക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജിബി വരെ റാം, 64 ജിബി വരെ സ്റ്റോറേജ് എന്നിവ നല്‍കും. മിനി എച്ച്ഡിഎംഐ കണക്റ്റര്‍, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായിരിക്കും. ത്രീ ആക്സിസ് ആക്സെലറോമീറ്റര്‍, ക്വാല്‍ക്കോം ഓഡിയോ ചിപ്പ് എന്നിവയും ഉണ്ടെന്ന് പറയപ്പെടുന്നു. ജിയോസ്‌റ്റോര്‍, ജിയോമീറ്റ്, ജിയോപേജസ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ലാപ്‌ടോപ്പില്‍ പ്രീഇന്‍സ്റ്റാള്‍ഡ് ആയിരിക്കും. റിലയന്‍സ് ജിയോയുടെ ചെലവുകുറഞ്ഞ ലാപ്ടോപ്പ് സംബന്ധിച്ച് 2018 മുതല്‍ സൂചനകള്‍ ലഭിച്ചിരുന്നു.