ജീപ്പും ആക്‌സിസ് ബാങ്കും കൈകോര്‍ത്തു : ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവതരിപ്പിച്ചു
ആക്സിസ് ബാങ്കിന്റെ 4,586 ശാഖകളിലും ജീപ്പ് ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കും
മുംബൈ: ഉപയോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ജീപ്പ് ഇന്ത്യയും ആക്സിസ് ബാങ്കും കൈകോര്‍ത്ത് ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആരംഭിച്ചു. ആക്സിസ് ബാങ്കിന്റെ 4586 ശാഖകളിലും ജീപ്പ് ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കും. ഡീലര്‍ഷിപ്പുകളില്‍ സജ്ജീകരിക്കുന്ന ആക്സിസ് ബാങ്ക് കൗണ്ടര്‍ വഴിയും സേവനം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ജീപ്പ് ബ്രാന്‍ഡുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ സംരംഭം ഒരുക്കുന്നതെന്ന് എഫ്സിഎ ഇന്ത്യ ഓട്ടോമൊബീല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു.
ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രകാരം ജീപ്പ് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ഓണ്‍റോഡ് ഫണ്ടിംഗ് ലഭിക്കും. വാഹനം വാങ്ങുന്നതിന് ദീര്‍ഘകാല വായ്പ ലഭിക്കും. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ഇരുകൂട്ടരും ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെയ്ക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കും പര്‍ച്ചേസിനും ജീപ്പ് ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും മത്സരക്ഷമമായ നിരക്കില്‍ ധനസഹായം ലഭ്യമാക്കും. ഇന്ത്യയിലെ സ്വകാര്യമേഖലാ ബാങ്കുകളില്‍ മൂന്നാമത്തെ വലിയ ബാങ്കായ ആക്സിസ് ബാങ്കിന് 4,568 ശാഖകളും 11,629 എടിഎം കൗണ്ടറുകളും ഉണ്ട്.