ഇലക്ട്രിക് വാഹന ബ്രാന്‍ഡായി ജാഗ്വാര്‍ മാറും
1 min read2039 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബിസിനസ് ലക്ഷ്യം കൈവരിക്കാനാണ് ജെഎല്‍ആര്‍ ശ്രമിക്കുന്നത്
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഭാഗമായ ജാഗ്വാര്‍ 2025 മുതല്‍ ഓള്‍ ഇലക്ട്രിക് ആഡംബര ബ്രാന്‍ഡായി മാറും. 2039 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബിസിനസ് എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മാത്രമല്ല, 2024 ല്‍ ഓള്‍ ഇലക്ട്രിക് ലാന്‍ഡ് റോവര്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കും. കൂടാതെ, ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എല്ലാ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ നെയിംപ്ലേറ്റുകളുടെയും ഓള്‍ ഇലക്ട്രിക് വേരിയന്റ് വിപണിയിലെത്തും. ഇവയൊന്നും കൂടാതെ, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വ്യക്തമാക്കി. റീഇമാജിന്‍ എന്ന പേരിലാണ് പുതിയ ബിസിനസ് തന്ത്രം ജെഎല്‍ആര്‍ നടപ്പാക്കുന്നത്.
ഇതോടെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റേഞ്ച് റോവര്‍, ഡിസ്‌കവറി, ഡിഫെന്‍ഡര്‍ എന്നീ മൂന്ന് കുടുംബങ്ങളില്‍നിന്നായി ആറ് ഓള്‍ ഇലക്ട്രിക് വേരിയന്റുകള്‍ ലാന്‍ഡ് റോവര്‍ വിപണിയിലെത്തിക്കും. ഇലക്ട്രിക് മോഡുലര്‍ ആര്‍ക്കിടെക്ച്ചര്‍ (ഇഎംഎ) കൂടി വികസിപ്പിച്ചുവരികയാണ് ജെഎല്‍ആര്‍. ഭാവിയില്‍ എല്ലാ മോഡലുകളും ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കും. വൈദ്യുതീകരിക്കുന്ന ഐസിഇ (ആന്തരിക ദഹന എന്‍ജിന്‍) വാഹനങ്ങളെയും പിന്തുണയ്ക്കുന്നതായിരിക്കും ഇഎംഎ.
ചുരുക്കത്തില്‍, 2030 നുശേഷം വൈദ്യുതീകരിച്ച (ഹൈബ്രിഡ്) അല്ലെങ്കില്‍ ഓള്‍ ഇലക്ട്രിക് മോഡലുകള്‍ മാത്രമായിരിക്കും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വികസിപ്പിക്കുന്നത്. അതേസമയം, നൂറ് ശതമാനം ജാഗ്വാര്‍ വില്‍പ്പനയും ലാന്‍ഡ് റോവര്‍ മോഡലുകളുടെ 60 ശതമാനത്തോളം വില്‍പ്പനയും സീറോ ടെയ്ല്‍പൈപ്പ് പവര്‍ട്രെയ്‌നുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ നിന്നായിരിക്കണമെന്നും ജെഎല്‍ആര്‍ ലക്ഷ്യമാണ്. 2039 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബിസിനസിലേക്ക് മാറുന്നതിനാണ് ജെഎല്‍ആര്‍ പരിശ്രമിക്കുന്നത്. നെറ്റ് സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ കുറച്ച് കാലമായി വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നത് സംബന്ധിച്ച ആലോചനകളിലും പ്രവര്‍ത്തനങ്ങളിലുമായിരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കള്‍. ജെഎല്‍ആര്‍ പുറത്തിറക്കിയ ഇ-പേസ് എന്ന ഓള്‍ ഇലക്ട്രിക് എസ്‌യുവി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.
ടാറ്റ ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്ന സുസ്ഥിരതാ പരിഗണനകള്‍ക്കും കാഴ്ച്ചപ്പാടിനും അനുസൃതമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റീഇമാജിന്‍ സ്ട്രാറ്റജിയെന്ന് ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്‌സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഓട്ടോമോട്ടീവ് എന്നീ മൂന്ന് കമ്പനികളുടെയും ചെയര്‍മാനായ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സ്വന്തം സാധ്യതകള്‍ മനസ്സിലാക്കുന്നതിന് ജാഗ്വാറിനെ തങ്ങള്‍ സഹായിക്കും. ഉപയോക്താക്കള്‍ക്കും പൊതുസമൂഹത്തിനും നമ്മള്‍ ജീവിക്കുന്ന ഭൂമിക്കുവേണ്ടിയും യഥാര്‍ത്ഥ ഉത്തരവാദിത്ത ബിസിനസ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.