ഐടി ചട്ടം പാലിക്കല്‍ : ഐഎഎംഎഐ-യുടെ സമിതിയില്‍ നെറ്റ്ഫ്ളിക്സും പ്രൈമും
1 min readസുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായിരിക്കും ബോര്‍ഡിനെ നയിക്കുക
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ഐടി നയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎഎംഎഐ) ഉള്ളടക്ക പരാതി കൗണ്‍സിലില്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, എ എല്‍ ടി ബാലാജി, എം എക്സ് പ്ലെയര്‍ എന്നിവയുള്‍പ്പെടെ പത്തോളം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ പങ്കുചേര്‍ന്നു. ഉള്ളടക്കത്തിനെതിരായ പരാതികള്‍ക്ക് പരിഹാര സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ചട്ടം പാലിക്കുന്നതില്‍ വിവിധ പ്ലാറ്റ്ഫോമുകള്‍ യോജിച്ച് പ്രവര്‍ത്തിക്കും.
ബ്രോഡ്കാസ്റ്റര്‍മാര്‍ നയിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷനില്‍ (ഐബിഎഫ്) ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫ ഫൗണ്ടേഷന്‍ (ഐബിഡിഎഫ്) എന്ന് ഈ സംഘടന പുനര്‍നാമകരണം ചെയ്യപ്പെട്ടിരുന്നു. എല്ലാ ഡിജിറ്റല്‍, ഒടിടി (ഓവര്‍-ദി-ടോപ്പ്) സ്ട്രീമിംഗ് സ്ഥാപനങ്ങളും ഒരേ മേല്‍ക്കൂരയില്‍ എത്തിക്കുന്നതിനായിരുന്നു ആ പേരുമാറ്റം.
ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിനായി ഡിജിറ്റല്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി ഡിജിറ്റല്‍ മീഡിയ കണ്ടന്‍റ് റെഗുലേറ്ററി കൗണ്‍സില്‍ (ഡിഎംസിആര്‍സി) എന്ന പേരില്‍ ഒരു സ്വയം നിയന്ത്രണ സംവിധാനം രൂപീകരിക്കുമെന്ന് ഐബിഡിഎഫ് അറിയിച്ചു. ഇതൊരു രണ്ടാം നിര പരാതി പരിഹാര സംവിധാനമാണ്.
തങ്ങളുടെ പരാതി പരിഹാര കൗണ്‍സിലില്‍ പ്രസാധകര്‍ അംഗങ്ങളായി ഉണ്ടാകുന്നതിനൊപ്പം ചെയര്‍പേഴ്സണും ആറ് അംഗങ്ങളും അടങ്ങുന്ന ഒരു സ്വതന്ത്ര പരാതി പരിഹാര ബോര്‍ഡും ഉണ്ടാകുമെന്ന് ഐഎഎംഎഐ അറിയിച്ചു. സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായിരിക്കും ബോര്‍ഡിനെ നയിക്കുക. മാധ്യമ- വിനോദ വ്യവസായ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തും. കുട്ടികളുടെ അവകാശങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍, മാധ്യമ നിയമം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്തുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഉള്ളടക്ക സ്രഷ്ടാക്കള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ബോര്‍ഡ് മേല്‍നോട്ടം വഹിക്കുകയും ഉറപ്പാക്കുകയും ചെയ്യും. സംരംഭങ്ങള്‍ക്ക് ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും 15 ദിവസത്തിനുള്ളില്‍ പ്രസാധകന്‍ പരിഹരിക്കാത്ത പരാതികളില്‍ അപ്പീലുകള്‍ കേള്‍ക്കുകയും ചെയ്യും.